പ്രിയ വിജയേട്ടാ, ഞാൻ അമേരിക്കയിലാണ്; വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ച് എം.ജി.ശ്രീകുമാർ
Friday, May 23, 2025 12:18 PM IST
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാതല യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച് എം.ജി.ശ്രീകുമാർ.
പ്രിയ വിജയേട്ടാ എന്ന ആമുഖത്തോടെയാണ് ഗായകൻ കുറിപ്പ് തുടങ്ങുന്നത്. അമേരിക്കയിലായതിനാൽ എത്താൻ കഴിയില്ലെന്നും പരിപാടിയിലേക്ക് വിളിച്ചതിൽ സന്തോഷമുണ്ടെന്നും ക്ഷണക്കത്ത് പങ്കുവച്ചുകൊണ്ട് ഗായകൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘പ്രിയ വിജയേട്ട, എന്നെ ഈ ചടങ്ങിലേക്ക് വിളിച്ചതിൽ ഒരുപാട് സന്തോഷം. ഞാൻ അമേരിക്കയിൽ പ്രോഗ്രാമിലാണ്. നാലാം വാർഷിക ആഘോഷത്തിനു എന്റേയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ആശംസകൾ’ എം.ജി.ശ്രീകുമാർ കുറിച്ചു.
ഏപ്രിൽ 21 മുതൽ മേയ് 30 വരെയാണ് സംസ്ഥാന സർക്കാരിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജില്ലാതല യോഗം നടക്കുന്നത്.
സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടാണ് യോഗം നടക്കുക. ഈ യോഗത്തിൽ പങ്കെടുത്ത് അഭിപ്രായം പങ്കുവയ്ക്കാനാണ് എം.ജി.ശ്രീകുമാറിനെ മുഖ്യമന്ത്രി ക്ഷണിച്ചത്.