മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിലൊരു ചിത്രം; ചത്ത പച്ചയ്ക്ക് തുടക്കമായി
Thursday, June 12, 2025 11:38 AM IST
മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചത്ത പച്ച എന്ന ചിത്രത്തിന് തുടക്കമായി. ചെല്ലാനം മാലാഖപ്പടിയിൽ വലിയൊരു സംഘം ചലച്ചിത്ര പ്രവർത്തകരുടെയും ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിലായിരുന്ന തുടക്കം.
അസ്മിനാ ഷിഹാൻ ആദ്യ ഭദ്രദീപം തെളിയിച്ചു. ലെൻസ്മാൻ ഷൗക്കത്ത് സ്വിച്ചോൺ കർമ്മവും റിതേഷ് എസ്. രാമകൃഷ്ണൻ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചത്ത പച്ചയുടെ ചിത്രീകരണവും തുടങ്ങി.
സിദ്ദീഖ്, മനോജ് കെ. ജയൻ, വിജയ് ബാബു, (ഫ്രൈഡേ ഫിലിംസ്) സാബു ചെറിയാൻ, ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ, ജോബി ജോർജ്ജ് . പ്രമോദ് പപ്പൻ, ഗായകൻ അഫ്സൽ, എന്നിവരും ചടങ്ങിൽ പങ്കുകൊണ്ടു.
മോഹൻലാൽ, ജീത്തു ജോസഫ്, രാജീവ് രവി എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അദ്വൈത് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഫോർട്ട് കൊച്ചി പശ്ചാത്തലത്തിൽ WWE സ്റ്റൈൽ റെസ്ലിംഗ് ക്ലബ്ബും അവിടെയെത്തുന്ന കഥാപാത്രങ്ങളേയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഹൈടെക്ക് ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ രമേഷ്, റിതേഷ്, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
അർജുൻ അശോകൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ റോഷൻ മാത്യൂ, മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധനേടിയ ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ, പൂജമോഹൻ ദാസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം സോഷ്യൽ മീഡിയാ താരം ലഷ്മി മിഥുനും സുപ്രധാനവേഷത്തിലുണ്ട്. സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം - ആനന്ദ് സി. ചന്ദ്രൻ. എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ. ലൈൻ പ്രൊഡ്യൂസേർസ് - എസ്. ജോർജ്, സുനിൽ സിംഗ്. പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ. കഥയിലും അവതരണത്തിലും ഏറെ പുതുമയുമായി എത്തുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ജൂൺ പത്തിന് ഫോർട്ട് കൊച്ചിയിൽ ആരംഭിക്കും. പിആർഒ -വാഴൂർ ജോസ്.