നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ തള്ളി
Thursday, June 12, 2025 12:42 PM IST
സാന്പത്തികതട്ടിപ്പുകേസിൽ നടിയും മോഡലുമായ ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ക്ഷയരോഗബാധിതയായി കഴിഞ്ഞ മൂന്നു വർഷമായി താൻ ജയിലിൽ കഴിയുകയാണെന്നും അതിനാൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ലീന കോടതിയെ സമീപിച്ചത്.
ജാമ്യം ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കേസ് ഇപ്പോഴും കീഴ്ക്കോടതിയിലായതിനാൽ വിഷയത്തിൽ ഇടപെടാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളുകയായിരുന്നു. ഹൈക്കോടതി വിധി പുറപ്പെടുവിച്ചശേഷം സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
വിചാരണയിലെ കാലതാമസവും വിട്ടുമാറാത്ത അസുഖവും ജാമ്യത്തിനുള്ള കാരണമായി കണക്കാക്കണമെന്നുമാണ് ലീന കോടതിയെ അറിയിച്ചത്. എന്നാൽ നടപടിക്രമങ്ങൾ മറികടക്കാൻ കോടതി വിസമ്മതിച്ചു.