ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും
Thursday, June 12, 2025 1:45 PM IST
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. ഡിവൈഎസ്പി ഷാജിക്കാണ് അന്വേഷണ ചുമതല.
വ്യാഴാഴ്ച വൈകുന്നേരമാണ് ഡിജിപി അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകിക്കൊണ്ട് ഉത്തരവിറക്കിയത്. ലോക്കൽ പോലീസിന്റെ അന്വേഷണം അന്തിമഘട്ടത്തിൽ നിൽക്കവേയാണ് സിറ്റി പോലീസ് കമ്മിഷണറുടെ ശിപാർശ പ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അതേസമയം, തട്ടിപ്പ് കേസിൽ പ്രതികളായ ജീവനക്കാരികൾ ഒളിവിലാണ്. വിനീത, ദിവ്യ, രാധാകുമാരി എന്നിവരെ ബുധനാഴ്ചയും കണ്ടെത്താനായില്ലെന്ന് മ്യൂസിയം പോലീസ് വ്യക്തമാക്കി. മൂന്ന് പേരും വീടുകളിലില്ല. മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഇവരില്‍ നിന്നു മൊഴിയെടുക്കാന്‍ പോലീസ് ശ്രമിച്ചിട്ടും നടന്നിട്ടില്ല. കൃഷ്ണകുമാറും മകളും തങ്ങളെ ബലമായി തട്ടിക്കൊണ്ട് പോയി പണം തട്ടിയെടുത്തെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും കാട്ടി പരാതി നല്കിയ ജീവനക്കാരികളാണ് ഒളിവില്‍ പോയിരിക്കുന്നത്. ജീവനക്കാരികളുടെ ആരോപണങ്ങള്‍ കളവാണെന്നുള്ള തെളിവുകള്‍ പുറത്ത് വന്നതോടെയാണ് മൂവരും ഒളിവില്‍ പോകാന്‍ കാരണമായത്.
ജീവനക്കാരികളെ പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന് ബന്ധുക്കള്‍ പോലീസിന് ഉറപ്പ് നല്‍കിയിരിക്കുകയാണ്. ദിയയുടെ സ്ഥാപനത്തില്‍ നിന്നും യുവതികള്‍ സ്വന്തം ക്യൂആര്‍ കോഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് മുഖേന 66 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നുള്ള സ്റ്റേറ്റ്മെന്റുകളും ഡിജിറ്റല്‍ തെളിവുകളും പോലീസ് ശേഖരിച്ചു.
ടാക്സ് വെട്ടിക്കാനായി ദിയ പറഞ്ഞതിന്‍പ്രകാരമാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം വക മാറ്റിയതെന്നും പിന്നീട് എടിഎം മുഖേന പണം തിരികെ നല്‍കിയെന്നുമാണ് യുവതികള്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ എടിഎമ്മില്‍നിന്നു യുവതികള്‍ പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല. യുവതികള്‍ വ്യാപകമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് ഉള്‍പ്പെടെ പണമിടപാടുകള്‍ നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ദിയയുടെ സ്ഥാപനം നികുതി അടച്ചതിന്റെ രേഖകള്‍ സമര്‍പ്പിക്കാനും വിശദമായ മൊഴി നല്കാനുമായി ഓഡിറ്ററെ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൃഷ്ണകുമാറും മകളും തങ്ങളെ തട്ടിക്കൊണ്ട് പോയി പണം അപഹരിച്ചെന്നായിരുന്നു യുവതികള്‍ കൗണ്ടര്‍ കേസ് നല്‍കിയത്. ഈ കേസില്‍ കൃഷ്ണകുമാര്‍, മകള്‍ ദിയ എന്നിവര്‍ക്കെതിരേ മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കൃഷ്ണകുമാറിന്റെ താമസ സ്ഥലത്തെയും മകളുടെ സ്ഥാപനത്തിലെയും ഓഫീസിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. എന്നാല്‍ യുവതികളെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചില്ല.
രണ്ട് യുവതികള്‍ കൃഷ്ണകുമാറിന്റെ കാറില്‍ സ്വമേധയാ കയറുന്നതിന്റെയും ഒരാള്‍ സ്വന്തം ടൂവീലറില്‍ കാറിന്റെ പിന്നാലെ പോകുന്ന ദൃശ്യങ്ങളുമാണ് പോലീസിന് ലഭിച്ചത്. ഇതെല്ലാം ആരോപണം ഉന്നയിച്ച യുവതികള്ക്കെതിരാണ്. തട്ടിക്കൊണ്ടു പോയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കൃഷ്ണകുമാര്‍ നിയമനടപടികള്‍ തുടങ്ങി.