ഹൃദയം തകർന്നു; വിമാനദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി താരങ്ങള്‍, പരിപാടികള്‍ മാറ്റിവെച്ചു
Friday, June 13, 2025 8:38 AM IST
അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് ചലച്ചിത്ര താരങ്ങള്‍.
മമ്മൂട്ടി, മോഹൻലാൽ, ഷാരൂഖ് ഖാന്, കരീന കപൂര്‍, അക്ഷയ് കുമാര്‍, സല്മാന് ഖാന്, ആമിര്‍ ഖാന്, അല്ലു അര്ജുന്, കാജോള്‍, അജയ് ദേവ്ഗണ്, ആലിയ ഭട്ട്, സാമന്ത, രശ്മിക മന്ദാന, ഷാഹിദ് കപൂര്‍, കിയാര അദ്വാനി തുടങ്ങി നിരവധി പേരാണ് ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തിയത്. പല താരങ്ങളും അടുത്ത ദിവസം നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചു.
അഹമ്മദാബാദിലെ അപകടവാര്‍ത്തയറിഞ്ഞ് ഹൃദയം തകര്‍ന്നു. മരിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് ഷാരൂഖ് ഖാന് സാമൂഹികമാധ്യങ്ങളില്‍ കുറിച്ചു.
വാക്കുകള്‍ കിട്ടുന്നില്ലെന്നും ഈ സമയത്ത് പ്രാര്‍ഥനകള്‍ മാത്രമാണുള്ളതെന്നുമായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം. യാത്രക്കാര്‍ക്കും വിമാനജീവനക്കാര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് സല്മാന് ഖാനും കുറിച്ചു.
നടന് സല്മാന് ഖാന് വ്യാഴാഴ്ച നടത്താനിരുന്ന പരിപാടി റദ്ദാക്കിയിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ റേസിംഗ് ലീഗുമായി (ഐഎസ്ആര്‍എല്‍) ബന്ധപ്പെട്ട് നടത്താനിരുന്ന വാര്‍ത്താസമ്മേളനമാണ് ഒഴിവാക്കിയത്. പരിപാടി തുടങ്ങി ദുരന്തവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിര്‍ത്തിവെക്കുകയായിരുന്നു. വെള്ളിയാഴ്ച്ച നടക്കാനിരുന്ന വിഷ്ണു മഞ്ചുവിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'കണ്ണപ്പ'യുടെ ട്രെയിലര്‍ ലോഞ്ച് ഇവന്റും മാറ്റിവെച്ചു.