പഠിക്കാന്‍ മിടുക്കരാണോ; പണമില്ലെങ്കിൽ മമ്മൂട്ടി കൂടെയുണ്ട്
Monday, June 16, 2025 10:23 AM IST
പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ക്ക് ഇനി തുടര്‍പഠനത്തിന് പണം ഒരു പ്രശ്നമാകില്ല. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കാന്‍ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്കരിച്ച വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസപദ്ധതിക്ക് തുടക്കമായി.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എംജിഎം ഗ്രൂപ്പ് ചെയര്‍മാനും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ചെയര്‍മാനുമായ ഡോ. ഗീവര്‍ഗീസ് യോഹന്നാന് ലോഗോ ഏറ്റുവാങ്ങി.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ 27 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എംജിഎം ഗ്രൂപ്പുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരം ഒരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നല്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്.
ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും സാമ്പത്തികമായി പിന്നാക്കാവസ്ഥ അനുഭവിക്കുന്നവര്‍, മാതാവോ പിതാവോ നഷ്ടപ്പെട്ടവര്‍, കാന്‍സര്‍ മുതലായ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ വിദ്യാര്‍ഥികള്‍ തുടങ്ങി പരിമിതമായ ജീവിത സാഹചര്യങ്ങള്‍ മൂലം മികച്ച പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ സാധിക്കാത്തവര്‍ക്കാണ് വിദ്യാമൃതം 5 തുണയാകുന്നത്.
എംജിഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എന്‍ജിനീയറിംഗ്, പോളിടെക്നിക്, ഫാര്‍മസി, കോളജുകളിലെ കോഴ്സുകളിലേക്കും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലുള്ള വിവിധ കോഴ്സുകളിലേക്കുമാണ് പ്രവേശനത്തിന് അവസരം.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന 250 വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം പദ്ധതിയിലൂടെ പ്രവേശനം ലഭിക്കുക. കൂടാതെ 200 വിദ്യാര്‍ഥികള്‍ക്ക് എംജിഎം ഗ്രൂപ്പിന്റെ വിവിധ സിബിഎസ്ഇ സ്കൂളുകളിലും ഈ പദ്ധതിയിലൂടെ പഠനത്തിന് അവസരമൊരുക്കും.
ചടങ്ങില്‍ എംജിഎം ഗ്രൂപ്പ് ഓഫ് കോളജസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. അഹിനസ്, എംജിഎം ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് സെക്രട്ടറി ഗോപിനാഥ് മഠത്തില്‍, നിധിന് ചിറത്തിലാട്ട് എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്–994648 5111, 994648 4111.