അമ്മ ജനറല്‍ ബോഡി യോഗം ഞായറാഴ്ച കൊച്ചിയില്‍
Saturday, June 21, 2025 12:30 PM IST
താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം നാളെ കൊച്ചിയില്‍ നടക്കും. സംഘടനയുടെ നേതൃത്വം സംബന്ധിച്ച് നാളെ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന് മോഹന്‍ലാല്‍ വീണ്ടും തിരിച്ചെത്തുമോ എന്നതു സംബന്ധിച്ചും നാളെ തീരുമാനമുണ്ടാകും.
ജനറല്‍ സെക്രട്ടറിയായ നടന് സിദ്ദിഖ് ഉള്‍പ്പെടെ നേതൃപദവിയിലുള്ള ചിലര്‍ക്കെതിരേ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ചില ഭാരവാഹികള്‍ സ്ഥാനം രാജിവയ്ക്കുകയുണ്ടായി. ഭരണസമിതി പിരിച്ചുവിട്ടതോടെ കഴിഞ്ഞ ഒരു വര്‍ഷമായി അഡ്ഹോക് കമ്മിറ്റിയാണ് ഭരണം നിര്‍വഹിക്കുന്നത്. പ്രസിഡന്റ് പദവിയില്‍ അല്ലെങ്കിലും മോഹന്‍ലാല്‍ കമ്മിറ്റി അംഗമായി തുടര്‍ന്നിരുന്നു.
മറ്റൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നാണ് മോഹന്‍ലാലിന്റെ നിലപാടെന്നാണ് അദ്ദേഹത്തോട് അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. പൊതുയോഗത്തില്‍ വോട്ടെടുപ്പ് വേണമെന്ന ആവശ്യമുയര്‍ന്നാല്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
ജനറല്‍ സെക്രട്ടറിയായ സിദ്ദിഖും ട്രഷററായ ഉണ്ണി മുകുന്ദനും അടക്കമുള്ളവര്‍ രാജിവച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ നാളെ നടക്കുന്ന പൊതുയോഗം കണ്ടെത്തും.
സെറ്റുകളിലെ ലഹരി തടയുന്നതിലും തീരുമാനം
സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൊണ്ടുവന്ന പുതിയ നിര്‍ദേശവും അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
സിനിമയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നിരോധിത ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് സിനിമാ പ്രവര്‍ത്തകര്‍ സത്യവാംഗ്മൂലം നല്‍കണമെന്നാണ് നിര്‍മാതാക്കളുടെ സംഘടന മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. സിനിമയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന എല്ലാ വിഭാഗക്കാര്‍ക്കും ഈ മാസം 26 മുതല്‍ ഈ നിബന്ധന നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ജൂണ്‍ 24നകം മറുപടി അറിയിക്കണമെന്ന് നിര്‍മാതാക്കള്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ഇക്കാര്യത്തിലും ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനമുണ്ടാകും.