എന്റെ പേര് ശിവൻകുട്ടി.. സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി
Tuesday, July 1, 2025 11:23 AM IST
കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ നടപടിക്കെതിരെ വീണ്ടും പരിഹാസവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.
എന്റെ പേര് ശിവൻകുട്ടി.. സെൻസർ ബോർഡ് എങ്ങാനും ഈ വഴി? എന്ന പ്രതികരണമാണ് ശിവൻകുട്ടി സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. നേരത്തേ ‘സെൻസർ ബോർഡോ, സെൻസില്ലാ ബോർഡോ’ എന്ന പ്രതികരണവും മന്ത്രി നടത്തിയിരുന്നു.
ജാനകി എന്ന പേരിലെന്താണ് കുഴപ്പമെന്നും പേരു മാറ്റണമെന്ന് നിര്‍ദേശിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി അറിയിച്ചത്. കേസില്‍ ഹര്‍ജിക്കാരന്റെ ഭാഗം കേട്ട കോടതി കേസില്‍ വിധി പറയുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.
മത, ജാതി, വംശപരമായ വിദ്വേഷ പരാമര്‍ശങ്ങള്‍ പാടില്ലെന്ന് ഫിലിം സര്‍ട്ടിഫൈ ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ടെന്ന വാദമാണ് സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ ഉയര്‍ത്തിയത്.
ജാനകി എന്ന പേര് എങ്ങനെ അവഹേളനമാകുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സംസ്കാരവുമായി ബന്ധപ്പെട്ടെന്നാണ് സെന്‍സര്‍ ബോര്‍ഡ് മറുപടി നല്‍കിയത്.