സായ് അഭ്യങ്കർ മലയാളത്തിലേയ്ക്ക്; സ്വാഗതം ചെയ്ത് മോഹൻലാൽ
Saturday, July 5, 2025 10:52 AM IST
ചുരുങ്ങിയ കാലം കൊണ്ട് സമൂഹമാധ്യമത്തിൽ ഓളം സൃഷ്ടിച്ച സായ് അഭ്യങ്കർ മലയാളത്തിലേയ്ക്ക്. ഷെയിൻ നിഗം നായകനായെത്തുന്ന ബൾട്ടി എന്ന ചിത്രത്തിലൂടെയാണ് സായ് അഭ്യങ്കറിന്റെ മലയാളത്തിലെ അരങ്ങേറ്റം.
ഒരു ഫോൺ സംഭാഷണത്തിലൂടെ മോഹൻലാൽ മലയാള സിനിമയിലേയ്ക്ക് സായ് അഭ്യങ്കറെ ക്ഷണിക്കുന്ന ഉള്ളടക്കത്തോടുകൂടിയ പ്രോമോ വീഡിയോ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുക്കുന്നത്.
സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് ബൾട്ടി ഒരുങ്ങുന്നത്. എസ്ടികെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് ബൾട്ടിയുടെ നിർമാണം.
മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമാതാവ് കൂടിയാണ് സന്തോഷ് ടി കുരുവിള. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഷെയിൻ നിഗത്തിന്റെ 25ാം ചിത്രമായി എത്തുന്ന ‘ബൾട്ടി’യിലൂടെ സായ് അഭ്യങ്കർ മലയാളത്തിലെത്തുമ്പോള്‍ പ്രേക്ഷകരും സംഗീതാസ്വാദകരും ഏറെ പ്രതീക്ഷയിലാണ്.
ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനാണ് 20-കാരനായ സായി. കച്ചി സേര, ആസ കൂട, സിത്തിര പൂത്തിരി എന്നീ ഹിറ്റ് ഗാനങ്ങളിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. ഈ ഗാനങ്ങള്‍ ഇതിനകം യുട്യൂബിൽ മാത്രം 200 മില്യണിൽ അധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്.