പ്രൈവറ്റ് ബസില്ലാത്ത എറണാകുളം, എന്തൊരു ശാന്തം, സമാധാനം; വേറെ രാജ്യത്തെത്തിയ പോലെന്ന് ജൂഡ് ആന്തണി
Thursday, July 10, 2025 10:30 AM IST
പൊതു പണിമുടക്കിനെ തുടർന്ന് എറണാകുളത്തെ നിരത്തുകളിൽ സ്വകാര്യ ബസുകൾ ഇല്ലാതിരുന്നപ്പോൾ വളരെ ശാന്തവും സമാധനവും അനുഭവപ്പെട്ടന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.
സ്വകാര്യ ബസുകള്‍ ഇല്ലാത്ത എറണാകുളത്തെ റോഡുകള്‍ എന്തൊരു ശാന്തമെന്നും മറ്റേതോ രാജ്യത്ത് പോയതുപോലെ തോന്നുന്നുവെന്നും ജൂഡ് കുറിച്ചു. നന്നായി ബസോടിക്കുന്ന ചുരുക്കം ചിലരെ മറക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
""പ്രൈവറ്റ് ബസില്ലാത്ത എറണാകുളം റോഡുകള്‍ എന്തൊരു ശാന്തം സമാധാനം. ഇന്നലെയും ഇന്നും വേറെ രാജ്യത്തു പോയ പോലെ (നന്നായി ഓടിക്കുന്ന ചുരുക്കം ചിലരെ മറക്കുന്നില്ല).''ഇതായിരുന്നു ജൂഡ് ആന്തണി ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായെത്തിയത്. ഭൂരിഭാഗവും അലക്ഷ്യമായ ഡ്രൈവിംഗാണെന്ന് ഒരാള്‍ കമന്റിട്ടു. കേരളത്തിലെ ഏറ്റവും മോശം ബസ് ഡ്രൈവര്‍മാര്‍ എറണാകുളത്താണെന്നാണ് മറ്റൊരാള്‍ രോഷത്തോടെ കുറിച്ചത്.
എല്ലാവരും സ്വന്തം വാഹനം ഉപയോഗിക്കണമെന്നാണോ എന്ന് മറ്റൊരാള്‍ പോസ്റ്റിനെ എതിര്‍ത്തുകൊണ്ട് ചോദിച്ചു. "എല്ലാവര്ക്കും ഇങ്ങളെ പോലെ കാര്‍ ഇല്ലല്ലോ മുത്തേ, സാധാരണക്കാര്‍ക്കും യാത്ര ചെയ്യണ്ടേ' എന്ന് മറ്റൊരാള്‍. ആര്‍ടിഒ തന്ന സമയം പാലിച്ചുകൊണ്ട് എറണാകുളം വഴി ബസ് ഓടിച്ച് എത്തിക്കാന്‍ കഴിയുമോ എന്നൊരാള്‍ ജൂഡിനെ കമന്റ് ബോക്സില്‍ വെല്ലുവിളിച്ചു.