സാമ്പത്തികശേഷിയുള്ളവർക്ക് മാത്രം താങ്ങാൻ പറ്റുന്ന ലേബർ സ്വീറ്റ് റൂം; സൗമ്യ സരിൻ പറയുന്നു
Friday, July 11, 2025 10:09 AM IST
വർഷങ്ങൾക്കു മുൻപ് നടി ശ്വേതാ മേനോൻ സ്വന്തം പ്രസവം സിനിമയ്ക്കായി ചിത്രീകരിച്ചപ്പോൾ ഉണ്ടായ കോളിളക്കമൊന്നും ദിയ കൃഷ്ണയുടെ വിഡിയോ വന്നപ്പോൾ ഇല്ല എന്നുള്ളത് വലിയ മാറ്റമാണെന്ന് ഡോ. സൗമ്യ സരിൻ.
നല്ല സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമേ ഇത്തരത്തിൽ സ്വീറ്റ് റൂമിൽ പ്രസവിക്കാൻ കഴിയൂ. സർക്കാർ ആശുപത്രിയിലും സാധാരണ പ്രൈവറ്റ് ആശുപത്രികളിലും ഇത്തരത്തിലുള്ള സൗകര്യം ഉണ്ടാകില്ല.
സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നത് പ്രസവത്തിന്റെ ബുദ്ധിമുട്ടുകൾ നേരിടാൻ ഗർഭിണിയെ സഹായിക്കുമെന്നും ഡോ. സൗമ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി പോവുകയാണ് ദിയ കൃഷ്ണയുടെ പ്രസവം. ദിയ കൃഷ്ണയ്ക്കും അശ്വിനും പുതിയ അതിഥി ഓമിക്കും ആശംസകൾ. പ്രസവം അവർ റെക്കോർഡ് ചെയ്ത് ഇട്ടിട്ടുണ്ട് അത് വലിയ കാഴ്ചക്കാരുമായി ട്രെൻഡിംഗ് ആയി യൂട്യൂബിൽ ഉണ്ട്.
സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പല തരത്തിലുള്ള ചർച്ചകൾ വരുന്നുണ്ട്. നിങ്ങൾക്ക് ഓർമ ഉണ്ടാകും ‘കളിമണ്ണ്’ എന്ന സിനിമയിൽ നടി ശ്വേതാ മേനോൻ ക്യാമറയ്ക്കു മുന്നിൽ പ്രസവം കാണിച്ചിരുന്നു.
ദിയ കൃഷ്ണയും കുടുംബവും വളരെ നന്നായാണ് ഈ വിഡിയോ റെക്കോർഡ് ചെയ്തത്. കണ്ടാൽ ബുദ്ധിമുട്ട് തോന്നുന്ന തരത്തിൽ രക്തമോ മറ്റു സ്രവങ്ങളോ ഒന്നും തന്നെ വീഡിയോയിൽ കാണിച്ചിട്ടില്ല.
കൂടെ ഉള്ളവരുടെ പ്രതികരണങ്ങളും ദിയയുടെ ബുദ്ധിമുട്ടുമൊക്കെയാണ് വീഡിയോയിൽ ഉള്ളത്. അവർ വളരെ വൃത്തിയായി വീഡിയോ എടുത്തിട്ടുണ്ട്. ശ്വേതാ മേനോന്റെ സിനിമ വന്ന സമയത്ത് വളരെ ചൂടുള്ള ചർച്ചകൾ വന്നിരുന്നു. ഇപ്പോൾ നമുക്ക് കാണാൻ കഴിയുന്ന കാര്യം ചർച്ചകൾ വളരെ പോസിറ്റീവ് ആയിട്ടുണ്ട് എന്നാണ്. ഇത് നല്ലൊരു പ്രവണത ആണ്.
ഇനി പ്രസവത്തെക്കുറിച്ച് പറഞ്ഞാൽ ഇങ്ങനെ ഒരു പ്രസവം എല്ലാവര്ക്കും പറ്റുമോ എന്ന് ചോദിച്ചാൽ ഇങ്ങനെ പ്രസവിക്കാൻ എല്ലാവർക്കും പറ്റിയെങ്കിൽ എന്ന് എനിക്ക് ആഗ്രഹം തോന്നുന്നുണ്ട്. പക്ഷേ കുറച്ചുകാലത്തേക്ക് എങ്കിലും ഇതൊരു ആഗ്രഹമായിട്ടേ നിൽക്കൂ. ദിയ വിഡിയോയിൽ പറയുന്നുണ്ട് അവർ ലേബർ സ്വീറ്റിലേക്ക് ആണ് പോകുന്നത് എന്ന്.
ഞാൻ മുൻപ് ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ആ സൗകര്യം ഉണ്ടായിരുന്നു. ലേബർ സ്വീറ്റ് എന്ന് പറഞ്ഞാൽ നമ്മുടെ വീട്ടിൽ തന്നെ കിടന്നു പ്രസവിക്കുന്നത് പോലെ ഒരു സാഹചര്യം അവിടെ ഉണ്ടായിരിക്കും. രോഗിയുടെ ഒപ്പമുള്ള ആളുകൾക്ക് താമസിക്കാനുള്ള സ്ഥലം, രോഗിക്കുള്ള റൂം, അതിനടുത്തു തന്നെ ലേബർ റൂം ഇതെല്ലം ഉണ്ടാകും.
അവിടെ തന്നെ പ്രസവിക്കാനുള്ള സൗകര്യം, കുട്ടിയെ അണുവിമുക്തമായ സൂക്ഷിക്കാനുള്ള സൗകര്യം എന്നുവേണ്ട ഒരു ലേബർ റൂമിലുള്ള എല്ലാ സൗകര്യവും ഒരു ബെഡ്റൂമിൽ സെറ്റ് ചെയ്യും, ഇങ്ങനെ ഉള്ള ഒരു സെറ്റപ്പാണ് ലേബർ സ്വീറ്റിൽ ഉള്ളത്. വളരെ മുന്തിയ ആശുപത്രിയിൽ മാത്രമേ ഈ സൗകര്യം ഉണ്ടാകൂ.
നമ്മുടെ സാധാരണ പ്രൈവറ്റ് ആശുപത്രികളിലും ലേബർറൂം ആയിരിക്കും ഉണ്ടാവുക. സർക്കാർ ആശുപത്രികളിലും ലേബർ റൂമും ലേബർ വാർഡും ആയിരിക്കും ഉള്ളത്. ഞാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ആണ് പഠിച്ചത്. അവിടെ ഒരറ്റത്ത് നിന്ന് നോക്കിയാൽ നമുക്ക് എന്നാണെന്ന് പോലും പറ്റാത്ത തരത്തിൽ ഗർഭിണികൾ അടുത്തടുത്ത് കട്ടിലുകളിൽ കിടപ്പുണ്ടാകും.
ഓരോ സ്ഥലത്തുനിന്നു നിലവിളികൾ വരുമ്പോൾ ആരാണ് നിലവിളിക്കുന്നത് എന്ന് അറിയാൻ പോലും പറ്റില്ല. അത്രയും ആളുകളാണ് മെഡിക്കൽ കോളജുകളിൽ പ്രസവിക്കാൻ വരുന്നത്.
അങ്ങനെ പ്രസവിക്കാൻ വരുന്നവർക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത പ്രസവമാണ് ഇത്തരത്തിൽ ഉള്ളത്. ഞാൻ ഒരു അമ്മയാണ്, ഒരു നോർമൽ ഡെലിവറി കഴിഞ്ഞ ആളാണ്. ഇങ്ങനെ എല്ലാവർക്കും പ്രസവിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.
പക്ഷേ നല്ല സാമ്പത്തികം ഉള്ള മുന്തിയ ആശുപത്രികളിൽ പ്രസവിക്കാൻ ശേഷി ഉളളവർക്ക് മാത്രമേ ഇത്തരത്തിലുള്ള സൗകര്യങ്ങൾ കിട്ടൂ. ഇടത്തരം പ്രൈവറ്റ് ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും അത്രത്തോളം ഗർഭിണികൾ വരുന്ന സ്ഥലമാണ് അവിടെ കൂട്ടിരിപ്പുകാരെ ഉള്ളിൽ കടത്താൻ സൗകര്യം ഉണ്ടാകില്ല. ഇനി കാലങ്ങൾ കഴിയുമ്പോൾ അങ്ങനെയുള്ള സൗകര്യങ്ങൾ ഉണ്ടാകുമായിരിക്കും. അതിനു നമുക്ക് കാത്തിരിക്കേണ്ടി വരും.
നോർമൽ ഡെലിവറിയെ സുഖ പ്രസവം എന്നാണ് പറയുന്നത്. ഇതൊരു തെറ്റിദ്ധരിപ്പിക്കുന്ന കാര്യമാണ്. ഇതിൽ ഒരു സുഖവും ഇല്ല. ഞാൻ എന്റെ മകളെ പ്രസവിച്ചത് മണ്ണാർക്കാട് ആശുപത്രിയിൽ ആണ്.
എനിക്ക് രാത്രി ഒൻപതര മണിക്ക് വേദന തുടങ്ങിയിട്ട് രാവിലെ നാല് മണിക്കാണ് പ്രസവിച്ചത്. കുഞ്ഞ് ഇറങ്ങി വരാതെ ഒടുവിൽ സിസേറിയൻ ചെയ്യേണ്ടി വരും എന്ന് കരുതിയിരുന്നു, അവസാനം വാക്യും ഡെലിവറി ചെയ്തു. ആ സമയം വരെ ഞാൻ അനുഭവിച്ച വേദന ഓർക്കുമ്പോൾ എന്താണ് സുഖ പ്രസവം എന്ന് തോന്നിപോയി. നമ്മുടെ ജീവൻ പോകുന്ന വേദന അതാണ് പ്രസവ വേദന.
പലരും ദിയയുടെ വിഡിയോയ്ക്ക് ഇട്ട കമന്റ് കണ്ടാൽ അതിശയം തോന്നും. ‘ലോകത്ത് ആദ്യം പ്രസവിക്കുന്ന സ്ത്രീയല്ല നീയ്, പ്രസവ വേദന അറിഞ്ഞു പ്രസവിക്കണം, ഇങ്ങനെ കൃത്രിമമായി ഇൻജെക്ഷൻ എടുത്ത് വേദന ഇല്ലാതെ പ്രസവിക്കേണ്ട കാര്യമില്ല’ എന്നൊക്കെയാണ്.
പ്രസവത്തിന്റെ സുഖം ഈ പറയുന്ന ആളുകൾക്ക് മനസ്സിലാകുമോ ? പ്രത്യേകിച്ച് ആണുങ്ങൾക്ക്. ഇതിനു ഒരു സുഖവും ഇല്ല. നോർമൽ ആണെങ്കിലും സിസേറിയൻ ആണെങ്കിലും ഒരു സുഖവും ഇല്ല. സിസേറിയൻ ചെയ്യുമ്പോ അനസ്തേഷ്യ ഉണ്ടാകും. അപ്പോ മാത്രമേ വേദന ഇല്ലാതിരിക്കൂ അത് കഴിഞ്ഞാൽ ഈ കീറിയതിന്റെയും തുന്നിക്കെട്ടിയതിന്റെയും വേദന എത്ര ദിവസമാണ് ഈ സ്ത്രീ അനുഭവിക്കേണ്ടത്. സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന.
വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല. കുഞ്ഞിന്റെ മുഖം കാണുമ്പോൾ സന്തോഷം തോന്നും എന്നാലും ആ പ്രോസസ്സ് വളരെ കഠിനമാണ്. ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച വേദന ഓർത്ത് രണ്ടാമതൊരു കുഞ്ഞു വേണ്ട എന്ന് തീരുമാനിക്കുന്ന മെഡിക്കൽ കണ്ടീഷൻ വരെ ഉണ്ട്.
അതുകൊണ്ട് നിങ്ങൾ വേദനിച്ചു പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല. ഇന്നത്തെ കാലത്ത് വൈദ്യശാത്രം ഇത്രയും പുരോഗമിച്ച സമയത്ത് എപിഡ്യൂറൽ എന്ന സംഭവം നിങ്ങൾക്ക് എടുക്കാവുന്ന നല്ലൊരു ഓപ്ഷൻ ആണ്. എനിക്ക് അന്ന് എപിഡ്യൂറൽ എടുക്കാൻ പറ്റിയെങ്കിൽ എന്ന് ഇപ്പോൾ തോന്നുന്നുണ്ട്. അന്ന് എനിക്ക് ആ സൗകര്യം ഉണ്ടായിരുന്നില്ല.
നമ്മുടെ നട്ടെല്ലിനെ ചുറ്റി എപിഡ്യൂറൽ സ്പേസ് എന്നൊരു സ്ഥലമുണ്ട്. അതിലൂടെയാണ് നമ്മുടെ തലച്ചോറിൽ നിന്ന് എല്ലാ സംവേദനങ്ങളും അറിയുന്ന നാഡികൾ താഴേക്ക് പോകുന്നത്. നട്ടെല്ലിന്റെ താഴെ ഭാഗത്ത് എപിഡ്യൂറൽ സ്പേസിൽ ഒരു മരുന്ന് കുത്തിവെക്കും.
സിസേറിയൻ ചെയ്യുമ്പോൾ അനസ്തേഷ്യ കൊടുക്കാൻ കുത്തിവയ്ക്കുന്നതും അവിടെ തന്നെ ആണ്. ഈ ഇൻജെക്ഷൻ എടുക്കുമ്പോൾ തലച്ചോറിൽ നിന്ന് നമ്മുടെ താഴേക്കുള്ള വേദന വഹിക്കുന്ന നാഡികൾ പ്രവർത്തിക്കാതെ ആകും. ഈ ഇൻജെക്ഷൻ ഇങ്ങനെ എടുത്തുകൊണ്ടിരിക്കും, പ്രസവം കഴിയുമ്പോൾ നിർത്തും. ഇത് എപ്പോഴാണോ നിർത്തുന്നത് അപ്പോൾ വേദന എല്ലാം തിരിച്ചു വരും.
പ്രസവിക്കുമ്പോൾ ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞിനെ പുറത്തേക്കു തള്ളാനായിട്ടു വരുന്ന മസിൽ കണ്ട്രാക്ഷൻ ആണ് പ്രസവ വേദന, അത് സഹിക്കാൻ പറ്റാത്ത വേദനയാണ്. ആ വേദന തലച്ചോറിലേക്ക് എത്താതെ തടയുകയാണ് എപിഡ്യൂറൽ അനസ്തേഷ്യയിൽ ചെയ്യുന്നത്.
ഇത് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത പ്രൊസീജർ ആണ്, അനസ്തേഷ്യ ഉള്ള എല്ലാ ആശുപത്രികളിലും ഇത് ഉണ്ടാകും. സർക്കാർ ആശുപത്രികളിൽ ഉണ്ടോ എന്ന് അറിയില്ല. ഇതിന് നല്ലൊരു ചെലവ് ഉണ്ടാകും, പക്ഷേ എടുക്കാൻ പറ്റുന്നവർ എടുക്കുക. അത് എടുത്താൽ പ്രസവം കുറച്ചുകൂടി സന്തോഷകരമായ ഒരു പ്രക്രിയ ആക്കി മാറ്റാൻ കഴിയും.
എന്തിനാണ് ഈ മരണ വേദന അനുഭവിക്കുന്നത്. അതുകൊണ്ട് എനിക്ക് പറയാനുള്ളത് ദിയയുടെ വീഡിയോ കണ്ടവർ എപിഡ്യൂറൽ അനസ്തേഷ്യ എന്ന ഇൻജക്ഷനെക്കുറിച്ചുള്ള തെറ്റായ ധാരണ മാറ്റണം.
പലരും സൈഡ് എഫക്റ്റ് ഉണ്ടാകും എന്നൊക്കെ പറയുന്നത് കണ്ടു. ഇതിനു ഒരു സൈഡ് എഫക്ടും ഇല്ല. ചിലപ്പോൾ ആ ഭാഗത്ത് വേദന ഉണ്ടാകും തലവേദന ഉണ്ടാകും അതൊക്കെ മാറും. ആ വേദന ഓർക്കുമ്പോൾ ഇതൊക്കെ ഒരു ബുദ്ധിമുട്ടേ അല്ല. മാരകമായ സൈഡ് എഫക്റ്റ് ഒന്നും ഇതിനില്ല ഗുണം മാത്രമേ ഉള്ളൂ, പറ്റുന്നവരൊക്കെ എപിഡ്യൂറൽ അനസ്തേഷ്യ എടുക്കണം.
ആ വീഡിയോ കണ്ടതിൽ നിന്ന് എടുക്കാൻ പറ്റുന്ന നല്ലൊരു പോയിന്റ് ആണ് എപിഡ്യൂറൽ അനസ്തേഷ്യ എടുക്കുക എന്നുള്ളത്. വേദന അനുഭവിച്ച് പ്രസവിക്കണം എന്ന് പറയുന്നവർ അനുഭവിക്കുമ്പോഴേ അതിന്റെ ബുദ്ധിമുട്ട് മനസിലാകൂ. വേദന അനുഭവിച്ചു പ്രസവിക്കുന്നതുകൊണ്ട് മെഡൽ ഒന്നും കിട്ടാൻ പോകുന്നില്ല.
ഞാൻ കണ്ട മറ്റൊരു പോസിറ്റീവ് കാര്യം ദിയയുടെ അമ്മയും അച്ഛനും സഹോദരിമാരും ഭർത്താവും ദിയയ്ക്കു കൊടുത്ത പിന്തുണയാണ്. ഞാൻ പ്രസവിച്ച ആശുപത്രി, ഞാൻ വർക്ക് ചെയ്ത ആശുപത്രി ആയതുകൊണ്ട് സ്ട്രെസ് കുറവുണ്ടായിരുന്നു.
അല്ലാതെ ഒരു സ്ത്രീ ലേബർ റൂമിലേക്ക് പോകുമ്പോൾ ചുറ്റും അപരിചിതർ ആയ ആളുകൾ ഉണ്ടാവുക. ഈ ആളുകൾ എങ്ങനെയായിരിക്കും പെരുമാറുക എന്നൊക്കെ പേടി ഉണ്ടാകും. നല്ലൊരു ശതമാനം ഡോക്ടർമാരും നഴ്സ്മാരും നന്നായിട്ടു തന്നെ പെരുമാറും. ചിലപ്പോഴെങ്കിലും നിലവിളിക്കുമ്പോൾ ആരെങ്കിലും ചീത്ത വിളിച്ചേക്കാം. ചില സന്ദർഭങ്ങളിൽ എങ്കിലും അങ്ങനെ അനുഭവങ്ങൾ നേരിട്ട ആളുകൾ ഉണ്ടാകും. ഈ വേദനയുടെ കൂടെ ആ ഒരു ടെൻഷൻ കൂടി അനുഭവിക്കേണ്ടി വരും.
അതേ സമയത്ത് നിങ്ങളുടെ വീട്ടുകാർ കൂടെ ഉണ്ടാകുമ്പോൾ ആ ഒരു ആശ്വാസം വളരെ വലുതാണ്. അവർ തരുന്ന മാനസിക പിന്തുണ ആ സമയത്ത് വലിയ കാര്യമാണ്. ലേബർ സ്വീറ്റിൽ പ്രസവിക്കുന്നവർക്കേ ഇങ്ങനെ ഒരു സൗകര്യം ഉണ്ടാകൂ, അല്ലാതെ മെഡിക്കൽ കോളജിൽ ഒക്കെ പ്രസവിക്കുന്നവർക്ക് കിട്ടില്ല.
കാരണം അവിടെ വേറെ ഗർഭിണികൾ ഉണ്ടാകും എല്ലാവർക്കും അവരുടെ സ്വകാര്യത വേണം. പക്ഷേ ഇങ്ങനെ ഒരു സൗകര്യം ലഭ്യമാക്കാനുള്ള സാമ്പത്തിക ഭദ്രത ഉണ്ടെങ്കിൽ അത് നിങ്ങൾ ചെയ്യുക തന്നെ വേണം. ദിയ ആണെങ്കിൽ കരയുമ്പോൾ ഭർത്താവ് ആശ്വസിപ്പിക്കുന്നു, അമ്മേ എനിക്ക് പേടിയാകുന്നു എന്ന് പറയുമ്പോൾ അമ്മ ആശ്വസിപ്പിക്കുന്നു, ആ സമയത്ത് ആ കുട്ടിക്ക് കിട്ടിയ ആശ്വാസം എന്തുമാത്രം ആയിരിക്കും.
നമ്മളൊക്കെ കണ്ടിരിക്കുന്നത് ഡെലിവറി റൂമിനു പുറത്ത് ടെൻഷൻ അടിച്ചു നടക്കുന്ന ഭർത്താവും കുടുംബാംഗങ്ങളും ആണ് നമ്മൾ അതുമായി അഡ്ജസ്റ്റ് ആയിട്ടുണ്ട്. പക്ഷേ നമ്മുടെ ചിന്തകളും കാഴ്ചപ്പാടുകളും കാഴ്ചകളും മാറണം. ഇങ്ങനെയും കാര്യങ്ങൾ ചെയ്യാം എന്നുള്ള ചിന്ത തരുന്ന മാറ്റം പോസിറ്റീവ് ആയി കാണണം. അവിടെ നിന്ന എല്ലാവരും സ്വന്തം വസ്ത്രം ഇട്ടിട്ടാണ് നിന്നത് അവർ എല്ലാം അണുവിമുക്തമായ ഒരു ഏപ്രൺ ഇട്ടിരുന്നെങ്കിൽ എന്ന് മാത്രം എനിക്ക് തോന്നി, കാരണം പ്രസവം വളരെ അണുവിമുക്തമായ സാഹചര്യത്തിൽ നടക്കേണ്ട ഒന്നാണ്.
ജനിച്ചു വരുന്ന കുഞ്ഞിന് രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. അപ്പോൾ കൂടെ നിൽക്കുന്ന എല്ലാവരും അണുവിമുക്തമായ വസ്ത്രം ധരിക്കുന്നത് നല്ലതായിരിക്കും. അത് എന്റെ ഒരു സജഷൻ ആണ്. ഞാൻ ഒരു ഡോക്ടർ ആണല്ലോ അതുകൊണ്ടു പറയുകയാണ്. ദിയയ്ക്കും കുടുംബത്തിനും വാവയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നു, മിടുക്കനായി വളരട്ടെ.’’