ജലജ തിരിച്ചു വരുന്നു
Friday, September 6, 2019 10:32 AM IST
1970-80 കാലഘട്ടങ്ങളിൽ മലയാള ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന നടി ജലജ മടങ്ങിവരുന്നു. ഫഹദ് നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് ജലജയുടെ തിരിച്ചുവരവ്. 73 ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച ജലജ ചലച്ചിത്ര മേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജലജ മടങ്ങിയെത്തുന്നത്.
ചിത്രത്തിൽ ഒരു സുപ്രധാന വേഷമാണ് ജലജ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. മാലിക്ക് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ പൂജ ഫോർട്ട് കൊച്ചിയിൽ നടന്നു. ബിജു മേനോൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
തന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള സിനിമയാണിതെന്ന് ഫഹദ് ഫാസിൽ പറഞ്ഞു. സംവിധാകൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിക്കുന്നത്. 25 കോടി മുതൽ മുടക്കിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ വലിയ താര നിരയാണ് അണിനിരക്കുന്നത്. വിനയ് ഫോർട്ട്, അപ്പാനി ശരത്ത് എന്നിവരും ചിത്രത്തിലുണ്ടാകും.