ഇത് മമ്മൂട്ടിക്കാലമോ? റെക്കോർഡുകൾ തൂത്തുവാരി ‘ടർബോ’; ആദ്യദിന കളക്ഷൻ റിപ്പോർട്ട്
Friday, May 24, 2024 1:29 PM IST
തിയറ്ററുകളിൽ തേരോട്ടം തുടർന്ന് റെക്കോർഡ് നേട്ടവുമായി മമ്മൂട്ടി-വൈശാഖ് ചിത്രം ടർബോ. ചിത്രം ആദ്യദിനം തൂത്തുവാരിയത് 6.2 കോടിയാണ്. 2024-ല്‍ ആദ്യദിനം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി ഇതോടെ ടർബോ മാറി.
മലൈക്കോട്ടൈ വാലിബൻ (5.86 കോടി), ആടുജീവിതം (5.83) എന്നീ സിനിമകളുടെ റെക്കോർഡ് ആണ് ടർബോ തിരുത്തി കുറിച്ചത്. അഞ്ച് കോടിയിലധികം ഓപ്പണിംഗ് നേടുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ടർബോ.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങളാണ് പ്രേക്ഷകരുടെ ഇടയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. മെഗാസ്റ്റാർ ചിത്രത്തിനായി വിയ്റ്റ്നാം ഫൈറ്റേഴ്സാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്. മമ്മൂട്ടിയുടെ ഫൈറ്റ് രംഗങ്ങൾ കാണാൻ കാത്തിരുന്ന പ്രേക്ഷകർക്ക് ഉഗ്രൻ വിരുന്നാണ് ചിത്രമെന്നാണ് ആരാധകർ പറയുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. ദുൽഖറിന്റെ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസും ചേർന്നാണ് ചിത്രം തിയറ്ററുകളിലെത്തിച്ചത്.
വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന മിഥുൻ മാനുവൽ തോമസാണ്. പ്രശസ്ത കന്നട താരം രാജ് ബി. ഷെട്ടിയും മലയാളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. ടർബോയുടെ ട്രെയിലറിനും വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്.