ചിരിപ്പിക്കാനായി ദിലീഷ് പോത്തൻ എത്തുന്നു; ‘മനസാ വാചാ’ ട്രെയിലർ
Saturday, February 24, 2024 11:23 AM IST
ദിലീഷ് പോത്തനെ നായകനാക്കി നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന മനസാ വാചായുടെ ട്രെയിലർ പുറത്തിറങ്ങി. മാർച്ച് ഒന്നിന് ചിത്രം പ്രദർശനത്തിനെത്തും.
തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രമാണ് ‘മനസാ വാചാ’. ധാരാവി ദിനേശ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദിലീഷ് അവതരിപ്പിക്കുന്നത്.
ദിലീഷ് പോത്തനൊപ്പം പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ എന്നിവരും മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
മജീദ് സയ്ദ് തിരക്കഥയെഴുതിയ ചിത്രം നിർമിക്കുന്നത് സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ്. ഒനീൽ കുറുപ്പ് സഹനിർമാതാവാകുന്നു. മോഷണം ഇതിവൃത്തമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തൻ പ്രത്യക്ഷപ്പെടുന്നത്.
എൽദോ ഐസക്ക് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ്: ലിജോ പോൾ. സുനിൽ കുമാർ പി.കെ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു.