തന്‍റെ മകൻ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് സുരേഷ്ഗോപിയോടാണെന്ന് നടൻ മണിയൻപിള്ള രാജു. താരസംഘടനയായ അമ്മയുടെ ഓഫീസിലെത്തിയ സുരേഷ്ഗോപിക്ക് സ്വീകരണം നൽകി നടത്തിയ പ്രസംഗത്തിലാണ് മണിയൻപിള്ള രാജു ഈ അനുഭവം പങ്കുവെച്ചത്.

മണിയൻപിള്ള രാജുവിന്‍റെ വാക്കുകൾ:

"ഒരു വർഷം മുന്പാണ്. കോവിഡിന്‍റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചുതുടങ്ങിയ സമയം. എന്‍റെ മൂത്ത മകൻ സച്ചിനും കോവിഡ് പിടിപെട്ടു. അത് രൂക്ഷമായി അവനെ ബാധിക്കുകയും ചെയ്തു. ശ്വാസകോശം ചുരുങ്ങിപോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു.

ഗുജറാത്തിൽനിന്ന് സന്ദേശം വരുന്പോൾ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. പെട്ടെന്ന് സുരേഷ്ഗോപിയെ ഓർത്തു. ഞാൻ അദ്ദേഹത്തെ വിളിച്ചു. കരച്ചിലോടെയാണ് ഞാൻ സുരേഷിനോട് കാര്യങ്ങൾ വിശദീകരിച്ചത്. വിശദാംശങ്ങൾ എല്ലാം ചോദിച്ചറിഞ്ഞശേഷം അദ്ദേഹം ഫോണ്‍വച്ചു. പിന്നീട് നടന്നതെല്ലാം അത്ഭുതങ്ങളായിരുന്നു.

ഗുജറാത്തിൽനിന്ന് കിലോമീറ്ററുകൾ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകൻ ജോലി ചെയ്യുന്ന ഓയിൽ കന്പനി. അവിടെയുള്ള എംപിയെ സുരേഷ്ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എംപിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അതിനുപിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലൻസ് എത്തി.

അഞ്ച് മണിക്കൂർ യാത്ര ചെയ്താണ് മകനെയും കൊണ്ടവർ രാജ്കോട്ടിലെ ഹോസ്പിറ്റലിൽ എത്തിയത്. അവിടെ എല്ലാത്തിനും തയാറെടുത്ത് ഡോക്ടർമാരും ആശുപത്രി അധികൃതരും കാത്തുനിൽപ്പുണ്ടായിരുന്നു.

ഒരൽപ്പംകൂടി വൈകിയിരുന്നെങ്കിൽ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. സുരേഷിന്‍റെ ഇടപെടലുകൾ ഒന്നുകൊണ്ടുമാത്രമാണ് അവനെ കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിക്കാനായതും ചികിത്സകൾ തുടരാനും കഴിഞ്ഞത്.

ഇന്നെന്‍റെ മകൻ ജീവിച്ചിരിക്കുന്നെങ്കിൽ അതിന് കാരണക്കാരൻ സുരേഷ്ഗോപിയാണ്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നുമെന്‍റെ ഹൃദയത്തിൽ ഉണ്ടാകും.'

20 വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് താരസംഘടനയായ അമ്മയുടെ ഓഫീസിൽ സുരേഷ് ഗോപിയെത്തുന്നത്.