ഷൂട്ടിംഗിന്‍റെ പേരില്‍ വിളിച്ച് തട്ടിപ്പ്
Wednesday, May 31, 2023 1:07 PM IST
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മറീന മൈക്കിള്‍. മോഡലിംഗിലൂടെ സിനിമയിലെത്തിയ മറീന ഇതിനോടകംതന്നെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. മുമ്പൊരിക്കല്‍ മോഡലിംഗിന്‍റെ പേരിലുള്ള തട്ടിപ്പില്‍നിന്നും താന്‍ രക്ഷപ്പെട്ടതിനെക്കുറിച്ച് മറീന വെളിപ്പെടുത്തിയിട്ടുണ്ട്.

ഒരു പരസ്യ ചിത്രീകരണത്തിന് എന്ന പേരില്‍ വിളിച്ചു വരുത്തി ചതിക്കാന്‍ ശ്രമിച്ചുവെന്നും ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും മറീന സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞിരുന്നു. ഈ സംഭവത്തെക്കുറിച്ച് ആനീസ് കിച്ചണിലെത്തിയപ്പോള്‍ മറീന മനസ് തുറന്നു. അന്ന് നടന്നത് എന്താണെന്ന് താരം വിശദമായിതന്നെ ആനീസ് കിച്ചണില്‍ പറയുന്നുണ്ട്.

ഒരു ജ്വല്ലറിയുടെ പരസ്യം ഉണ്ടെന്ന് പറഞ്ഞ് എനിക്കൊരു കോള്‍ വന്നു. അടുത്ത ദിവസമാണ്. ലാസ്റ്റ് മിനിറ്റില്‍ ആര്‍ട്ടിസ്റ്റ് പിന്മാറി. ഞാന്‍ പറഞ്ഞ പ്രതിഫലമൊക്കെ അവര്‍ ഓക്കെ പറഞ്ഞു. ഒരു ദിവസത്തെ ജോലിയായിരുന്നു. ഞാന്‍ സമ്മതിച്ചു. അടുത്ത ദിവസം രാവിലെ മുതല്‍ ഞാന്‍ കാത്തു നില്‍ക്കുകയാണ്. എന്നെ വിളിച്ച വ്യക്തി ആദ്യം പറഞ്ഞത് ഫ്ളാറ്റിലേക്ക് പോവാമെന്നായിരുന്നു. ഞാന്‍ കൊച്ചിയില്‍ തന്നെയാണുള്ളത്. ഷൂട്ട് നടക്കുന്നതും കൊച്ചിയില്‍തന്നെയാണ്, ഞാന്‍ നേരെ വന്നോളാം എന്ന് പറഞ്ഞു.

സാധാരണ പോകുമ്പോള്‍ എവിടെയാണ് ഷൂട്ടെന്നൊക്കെ അമ്മയോട് പറഞ്ഞിട്ടാണ് പോകാറുള്ളത്. എവിടെയാണ് ഷൂട്ട് എന്ന് ചോദിച്ചിട്ട് ഇയാള്‍ പറയുന്നില്ല. രണ്ട് മണിക്കൂറിനുശേഷം ഒരു സ്ഥലം പറഞ്ഞു. ആ സ്ഥലത്ത് എവിടെയാണ് എന്ന് ചോദിച്ചപ്പോള്‍ അതിപ്പോള്‍ ചോദിക്കാം എന്ന് പറഞ്ഞ് പിന്നേയും അരമണിക്കൂര്‍ കാത്തു നിർത്തി.

കലൂര്‍ ആണെന്ന് തോന്നുന്നു പറഞ്ഞത്. ഞാന്‍ അവിടെ ഉണ്ടെന്ന് പറഞ്ഞു. സ്റ്റുഡിയോ ഏതാണെന്ന് ഞാനിപ്പോള്‍ പറയാം എന്ന് അയാള്‍ പറഞ്ഞ് ഫോണ്‍ വച്ചു. പിന്നേയും കാത്തിരിപ്പായി. രാവിലെ ഏഴു മുതൽ പത്ത് മണി വരെ ഞാന്‍ കാത്തു നിന്നു. അടുത്ത ദിവസം കോഴിക്കോട് എത്തേണ്ട തിരക്കുണ്ടായിരുന്നു. അതിനാല്‍ ഇത് നടക്കില്ല എന്ന് ബോധ്യപ്പെട്ടപ്പോള്‍ റിജക്ട് ചെയ്ത് ഞാന്‍ പോയെന്നും മറീന പറയുന്നു.

കോഴിക്കോട്ടേക്കുള്ള ട്രെയിനിലിരിക്കുമ്പോള്‍ ഞാന്‍ അയച്ച മെസേജ് അയാള്‍ മറ്റൊരു കുട്ടിയെ കണ്‍വിന്‍സ് ചെയ്യാന്‍ ഉപയോഗിക്കും എന്ന് തോന്നി. ഇത് കാണിച്ചിട്ട് ഇവള്‍ ലാസ്റ്റ് മിനിറ്റില്‍ പോയി എന്ന് പറയാന്‍ പറ്റുമല്ലോ എന്നാണ് മറീന ചോദിക്കുന്നത്. അങ്ങനെ എന്തെങ്കിലും പ്രശ്നം പറ്റിയാലോ എന്ന് കരുതിയാണ് ഞാന്‍ സക്രീന്‍ഷോട്ട് ഫേസ്ബുക്കിലിട്ടത്. പിന്നീട് മീഡിയയിലുള്ള എന്‍റെ സുഹൃത്തുക്കളോടും പറഞ്ഞു. അവരാണത് വാര്‍ത്തയാക്കിയതെന്നും മറീന പറയുന്നു.

ഞാനൊരു പരാതി കൊടുത്തു, അസിസ്റ്റന്‍റ് കമ്മീഷണറെ പോയി കണ്ടു, പക്ഷെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അയാളെ വേറെ ആളുകള്‍ പറ്റിച്ചതാണെന്നാണ് പറഞ്ഞത്. അയാള്‍ വിളിച്ച ആരും ഫോണെടുത്തില്ല. കേസിലൊരു നടപടിയുമുണ്ടായില്ല. എന്‍റെ ഒന്നോ രണ്ടോ ആഴ്ച പോയതല്ലാതെ.

അത്യാവശ്യം ബ്രാൻഡ് വാല്യു ഉള്ളൊരു ജ്വല്ലറിയുടെ പേരായിരുന്നു അവര്‍ പറഞ്ഞത്. കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ ഞാന്‍ അവരെ വിളിച്ച് അന്വേഷിച്ചു. എന്നാല്‍ തങ്ങള്‍ ഇപ്പോള്‍ ഇങ്ങനൊരു പരസ്യം ചെയ്യുന്നില്ലെന്ന് മാത്രമല്ല ഇനിയൊരു മൂന്ന് നാല് മാസത്തേക്ക് പോലും ചെയ്യുന്നില്ല എന്നാണ് അവര്‍ പറഞ്ഞത് -മറീന വെളിപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.