സിഎംഎസ് കോളജ് ജില്ലാ കോടതിയായി; കൗതുകമായി "മേപ്പടിയാൻ’ചിത്രീകരണം
Wednesday, November 11, 2020 7:42 PM IST
സിഎംഎസ് കോളജിന്റെ കവാടത്തിൽ ഇന്നലെ കോട്ടയം ജില്ലാ കോടതിയുടെ പേരെഴുതിയ ആർച്ച്. അകത്തളങ്ങളിൽ വക്കീൽ വേഷത്തിലും പോലീസ് കുപ്പായത്തിലും കടലാസു കെട്ടുകളുമായി വാദപ്രതിവാദത്തിനെത്തിയവരുടെയും സാന്നിധ്യം. ആകെ കോടതി അന്തരീക്ഷം.
സിഎംഎസ് കോളജിന്റെ മുന്നിലൂടെ കടന്നു പോയവർ ഒരു നിമിഷം അതിശയിച്ചു. പിന്നീട് കാര്യം തിരക്കിയപ്പോഴാണ് അവർ അറിയുന്നത് ഉണ്ണി മുകുന്ദൻ നായകനാകുന്ന മേപ്പടിയാൻ എന്ന ചിത്രത്തിനുവേണ്ടി കോടതിയുടെ ഷൂട്ടിംഗ് സെറ്റ് ഒരുക്കിയതാണ് സിഎംഎസ് കോളജിലെന്ന്. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച ഷൂട്ടിംഗ് വൈകുന്നേരം ആറുവരെ നീണ്ടുനിന്നു.
നവാഗതനായ വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന മേപ്പടിയാൻ പാല, ഈരാറ്റുപേട്ട, പൂഞ്ഞാർ എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിഎംഎസ് കോളജിൽ ഇന്നലെ ഒരു ദിവസത്തെ ഷൂട്ടിംഗ് മാത്രമാണുണ്ടായിരുന്നത്. ഉണ്ണി മുകുന്ദനൊപ്പം നായിക അഞ്ജു കുര്യൻ, അജു വർഗീസ്, സൈജു കുറുപ്പ്, മേജർ രവി തുടങ്ങിയ താരങ്ങളും സിഎംഎസിൽ ഷൂട്ട് ചെയ്ത രംഗങ്ങളിലഭിനയിച്ചു.
കോവിഡ് പ്രോട്ടോകോൾ പ്രകാരം ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയും സാമൂഹിക അകലം പാലിച്ചുമാണ് മേപ്പടിയാന്റെ ചിത്രീകരണം നടന്നത്. സംവിധായകൻ മൈക്കിലൂടെ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും നിർദേശം നൽകുന്നതിനൊപ്പം കാമറയ്ക്കു പിന്നിലുള്ള എല്ലാവരും മാസ്ക് ധരിക്കണമെന്ന് ഇടയ്ക്കിടയ്ക്ക് ഓർമിപ്പിച്ചുകൊണ്ടിരുന്നത് പതിവു സിനിമാ ചിത്രീകരണത്തിൽനിന്നും വ്യത്യസ്തമായ കാഴ്ചയായിരുന്നു.
കാഴ്ചക്കാരെ പൂർണമായി ഒഴിവാക്കിയതിനു പുറമേ ലൊക്കേഷനിൽ സാനിറ്റൈസർ ഉപയോഗത്തിനും ചൂട് പരിശോധനയ്ക്കുമായി മൂന്നുപേരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു. ലോക്ഡൗണിനുശേഷം സിഎംഎസിൽ ചിത്രീകരിക്കുന്ന ആദ്യ ചിത്രമാണിത്. ജയറാമിന്റെ മാർക്കോണി മത്തായി, ദുൽഖർ സൽമാന്റെ സിഐഎ എന്നീ ചിത്രങ്ങളാണ് അവസാനമായി ഇവിടെ ഷൂട്ട് ചെയ്തത്.