ബാലതാരമായെത്തി കളംപിടിച്ച താരങ്ങൾ
Thursday, September 3, 2020 5:49 PM IST
ബാലതാരമായി വെള്ളിത്തിരയിലെത്തുകയും മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നിരവധി ബാലതാരങ്ങൾ മലയാള സിനിമയിലുണ്ട്.
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ടിന്റുവിനെ പ്രേക്ഷകർ അത്ര പെട്ടെന്നു മറക്കാനിടയില്ല. മലയാളികളുടെ പ്രിയപ്പെട്ട നടി ശാലിനിയുടെ ആദ്യ ചിത്രമായിരുന്നു അത്. ശാലിനിയെ പോലെ ബാല താരമായി എത്തുകയും പിന്നീട് നായകനും നായികയുമായി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഏതാനും താരങ്ങളിതാ.
നസ്രിയ നസീം
സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ബാലതാരമായാണ് അഭിനയ ജീവിതം തുടങ്ങിയത്. ബ്ലസി സംവിധാനം ചെയ്ത പളുങ്ക് ആണ് ആദ്യ ചിത്രം. മാഡ് ഡാഡ് എന്ന സിനിമയിലൂടെ നായികയായി.
പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങിയ നസ്രിയ ഫഹദുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തു. പിന്നീട് ഫഹദിനൊപ്പം ട്രാൻസ് എന്ന സിനിമയിലൂടെ മടങ്ങിയെത്തി.
പ്രണവ് മോഹൻലാൽ
തന്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലിന്റെ മകനായ പ്രണവ് (അപ്പു) ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ചിത്രത്തിൽ ബാലതാരമായാണ് അഭിനയിച്ചത്.
അതേ വർഷം തന്നെ പുനർജ്ജനി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.മേജർ രവി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അപ്പു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആദി എന്ന ചിത്രത്തിലൂടെ നായക പദവിയിലേക്കെത്തി
കാളിദാസ് ജയറാം
കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് നടൻ ജയറാമിന്റെ മകൻ കൂടിയായ കാളിദാസൻ ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കി. പൂമരം എന്ന സിനമയിലൂടെ നായകനിരയിലെത്തി.
സനുഷ സന്തോഷ്
കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിൽ ബാലതാരമായാണ് ചലച്ചിത്രജീവിതം തുടങ്ങുന്നത്. കാഴ്ച എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വിനയൻ സംവിധാനം ചെയ്ത നാളൈ നമതെ എന്ന തമിഴ് ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്. ദിലീപ് നായകനായെത്തിയ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലുടെ മലയാളത്തിൽ ആദ്യമായി നായികയായി.
കാവ്യ മാധവൻ
ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച കാവ്യ "പൂക്കാലം വരവായ്' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മമ്മൂട്ടി നായകനായി 1996-ൽ പുറത്തിറങ്ങിയ അഴകിയ രാവണൻ എന്ന ചിത്രത്തിൽ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം ശ്രദ്ധിക്കപ്പെട്ടു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യം നായികയായി വേഷമിട്ടത്.
വിനീത് കുമാർ
1988-ൽ പുറത്തിറങ്ങിയ "പഠിപ്പുര' എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് വിനീത് സിനിമാ രംഗത്ത് എത്തുന്നത്.പിന്നീട് "ഒരു വടക്കൻ വീരഗാഥ' എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബാല്യകാലം അവതരിപ്പിച്ചു. പിന്നീടു "പ്രണയമണിത്തൂവൽ' എന്ന സിനിമയിലൂടെ നായകപദവിയിലെത്തി. "അയാൾ ഞാനല്ല' എന്ന സിനിമയിലൂടെ സംവിധായകന്റെ കുപ്പായവുമണിഞ്ഞു.
മഞ്ജിമ മോഹൻ
കളിയൂഞ്ഞാൽ എന്ന സിനിമയിൽ ബാലതാരമായാണ് മഞ്ജിമ ആദ്യമായി കാമറയ്ക്കു മുന്നിലെത്തുന്നത്. മധുരനൊന്പരക്കാറ്റ് (2000) എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു.
അതിനു ശേഷം ചലച്ചിത്ര രംഗത്തു നിന്നു ഏറെക്കാലം വിട്ടുനിന്നിരുന്നു. പിന്നീട് 2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചുവന്നു. പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകൾ കൂടിയാണ് മഞ്ജിമ.
ഗണപതി
ബാലതാരമായാണ് ഗണപതി ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. മോഹൻലാലിനൊപ്പം അഭിനയിച്ച ഒരു പരസ്യ ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ദിലീപ് നായകനായി എത്തിയ വിനോദയാത്രയിൽ എത്താൻ ഗണപതിക്കു തുണയായത് മോഹൻലാലിനൊപ്പമുള്ള പരസ്യചിത്രമായിരുന്നു.
നിവേദ തോമസ്
മലയാളത്തിൽ ബാലതാരമായി എത്തി പിന്നീട് തെലുങ്ക് ചലച്ചിത്രരംഗത്ത് സജീവമായ താരമാണ് നിവേദ തോമസ്. വെറുതെ ഒരു ഭാര്യ എന്ന ആദ്യചിത്രത്തിലെ അഭിനയത്തിനു തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.