ജനസേവനമാണ് ഉദ്ദേശ്യമെങ്കിൽ പൂർണമായും അതിലിറങ്ങണം
Friday, February 26, 2021 3:45 PM IST
രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ നിലപാടുകളുള്ള താരങ്ങളിലൊരാളാണ് തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപി. ഇപ്പോഴിതാ രാഷ്ട്രീയത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകൾ വീണ്ടും ആവർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
ജനസേവനം എന്നത് ചെറിയ കാര്യമല്ലെന്ന് മുരളി ഗോപി അഭിപ്രായപ്പെടുന്നു. ജനസേവനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം നൂറ് ശതമാനവും നിറവേറ്റാന്‍ സാധിക്കുന്നുവെന്ന് ഉറപ്പുണ്ടെങ്കില്‍ സിനിമാപ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
"കക്ഷി രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. അതിനപ്പുറമുള്ള രാഷ്ട്രീയമാണ് എനിക്കുള്ളത്. ഇത് ജനാധിപത്യ രാജ്യമാണ്. അവരുടെ സ്വകാര്യ തെരഞ്ഞെടുപ്പുകളെ കുറിച്ച് ഞാന്‍ പറയേണ്ടതില്ല. ജനസേവനമാണ് ഉദ്ദേശ്യമെങ്കില്‍ പൂര്‍ണമായും നാം അതിലേക്ക് സ്വയം അര്‍പ്പിക്കേണ്ടതുണ്ട്. അതിനു കഴിയുമെങ്കില്‍ തീര്‍ച്ചയായും അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകതന്നെ വേണം..'- മുരളി ഗോപി അഭിപ്രായപ്പെട്ടു.