സൈജു കുറുപ്പിന്റെ പൊറാട്ടുനാടകം; ആദ്യ ഗാനം പുറത്തിറങ്ങി
Thursday, April 11, 2024 2:55 PM IST
സംവിധായകൻ സിദീഖ് അവതരിപ്പിച്ച് എമിറേറ്റ്സ് പ്രൊഡക്ഷന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമിക്കുന്ന പൊറാട്ടുനാടകം എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.
'നാഴൂരി പാല് 'എന്നു തുടങ്ങുന്ന പാട്ടിന്റെ വരികൾ ബി.കെ. ഹരിനാരായണനും സംഗീതം രാഹുൽ രാജുമാണ്. നൗഷാദ് സാഫ്റോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നാട്ടുപാട്ടിന്റെ ഈണമുള്ള പാട്ട് പാടിയിരിക്കുന്നത് രാഹുൽ രാജും സിത്താര കൃഷ്ണകുമാറും ചേർന്നാണ്.
ഇതിനകം ഏറെ വൈറലായിരിക്കുകയാണ് കൗതുകകരമായ ഗാനം. വടക്കൻ കേരളത്തിലെ ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന ദൃശ്യങ്ങൾ പകർത്തിയത് നൗഷാദ് ഷെരീഫാണ്.
സൈജു കുറുപ്പ്, രാഹുൽ മാധവ്, സുനിൽ സുഗത, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, ബാബു അന്നൂർ, ഷുക്കൂർ വക്കീൽ, ചിത്രാ ഷേണായ്, ചിത്ര നായർ, ഐശ്വര്യ, ജിജിന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ഗോപാലപുര എന്ന വടക്കൻ കേരളത്തിലെ ഒരു സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത ലൈറ്റ് ആന്റ് സൗണ്ട്സ് ഉടമ അബു എന്ന സാധാരണക്കാരന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ നർമത്തിൽ പൊതിഞ്ഞാണ് ചിത്രം പറയുന്നത്.
കാലിക പ്രസക്തിയുള്ള രാഷ്ട്രീയ ആക്ഷേപ ഹാസ്യം പ്രമേയമായി വരുന്ന സിനിമയുടെ തിരക്കഥ മോഹൻലാൽ, ഈശോ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് സുനീഷ് വാരനാടാന്റിന്റേതാണ്.
നിർമാണ നിർവ്വഹണം - ഷിഹാബ് വെണ്ണല. കാഞ്ഞങ്ങാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വരുന്നു. പിആർഒ- വാഴൂർ ജോസ്.