സൗബിന്‍റെ "ന്യൂട്ടൺ ഡാൻസ്' മിന്നിച്ച് ആറാം ക്ലാസുകാരൻ!
Monday, July 22, 2019 1:18 PM IST
ജോൺപോൾ ജോർജ് സംവിധാനം ചെയ്യുന്ന "അമ്പിളി'യുടെ ടീസർ പുറത്തിറങ്ങിയപ്പോൾ തരംഗമായത് നായകൻ സൗബിൻ ഷാഹിറിന്‍റെ തകർപ്പൻ വെറൈറ്റി നൃത്തമായിരുന്നു. ശരീരമാകെ വിറയൽ ബാധിച്ച മട്ടിലുള്ള ഡാൻസ് മണിക്കൂറുകൾക്കകം വൈറലായി. രണ്ടു ദിവസം കൊണ്ട് പത്തു ലക്ഷത്തിലേറെ പേരാണ് ഈ ടീസർ കണ്ടത്.

എന്നാൽ, ഇപ്പോൾ സൗബിൻ തരംഗമാക്കിയ ഡാൻസ് അനുകരിച്ച് ഒരു ആറാം ക്ലാസുകാരനും ശ്രദ്ധ നേടുന്നു. ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കകമാണ് ആ തകർപ്പൻ ഡാൻസ് അനുകരിച്ച് ആൽവിൻ കെ. മനീഷ് എന്ന ആറാം ക്ലാസുകാരൻ ശ്രദ്ധ നേടുന്നത്. ആൽവിന്‍റെ പിതാവ് കടുവാക്കുളം കളത്തിപറമ്പിൽ മനീഷ് ജേക്കബ് ആണ് വീഡിയോ പകർത്തി വാട്ട്സ്ആപ്പിലിട്ടത്. ഡാൻസ് മിന്നിച്ചതോടെ ചിലർ ഇത് ടിക് ടോക്കിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു.മണിക്കൂറുകളെടുത്തു സൗബിനും സംഘവും ഷൂട്ട് ചെയ്തതാണ് ഈ ഡാൻസ്. ടീസറിന്‍റെ ഹൈലൈറ്റും "ജാക്സണല്ലടാ ന്യൂട്ടണല്ലടാ ജോക്കറല്ലടാ...' എന്നു തുടങ്ങുന്ന തകർപ്പൻ പാട്ടിന്‍റെ അകമ്പടിയോടെയുള്ള ഈ ഡാൻസ് ആണ്. ടീസർ പുറത്തിറങ്ങിയ ശേഷം ഏതാനും മിനിറ്റുകൾക്കൊണ്ടാണ് ആൽവിൻ ഈ ഡാൻസ് പഠിച്ചെടുത്തതെന്നു സ്വകാര്യ ടയർ കമ്പനിയിലെ ഉദ്യോഗസ്ഥനായ പിതാവ് മനീഷ് പറയുന്നു.

കടുവാക്കുളം എമ്മാവൂസ് പബ്ലിക് സ്കൂൾ വിദ്യാർഥിയായ ആൽവിന്‍റെ "ന്യൂട്ടൺ ഡാൻസ്' സ്കൂളിലും സംസാരവിഷയമാണ്. ഈ സ്കൂളിൽ തന്നെ അധ്യാപികയായ ആശയാണ് ആൽവിന്‍റെ മാതാവ്. ആൽവിന്‍റെ ഡാൻസ് കണ്ടു ഹരംകയറി സഹോദരി രണ്ടാം ക്ലാസുകാരി ഒലിവിയയും ന്യൂട്ടൺ ഡാൻസിനു ചുവടുവച്ചു തുടങ്ങിയിട്ടുണ്ട്.

ജോൺസൺ പൂവന്തുരുത്ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.