മലയാള സിനിമകളുടെ ബുക്കിംഗ് ബഹിഷ്ക്കരിച്ച് പിവിആർ; ആവേശവും വർഷങ്ങൾക്ക് ശേഷവും ജയ്ഗണേഷും റിലീസ് ചെയ്തില്ല
Thursday, April 11, 2024 11:21 AM IST
ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിംഗ് ബഹിഷ്കരിച്ച് പിവിആർ.
ഇതോടു കൂടി ഫഹദ് ഫാസിൽ ചിത്രം ആവേശം, വിനീത് ശ്രീനിവാസൻ-പ്രണവ് മോഹൻലാൽ ചിത്രം വർഷങ്ങൾക്കു ശേഷം, ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് തുടങ്ങിയ ചിത്രങ്ങളുടെ പിവിആറിലെ ഷോകളാണ് മുടങ്ങിയിരിക്കുന്നത്.
കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനമുണ്ടാകില്ല. ഫോറം മാളിൽ ആരംഭിച്ച പുതിയ പിവിആർ-ഐനോക്സിലും പുതിയ മലയാള ചിത്രങ്ങളുടെ റിലീസുണ്ടാകില്ല.
നിർമാണം പൂർത്തിയാക്കുന്ന മലയാള സിനിമകളുടെ ഡിജിറ്റൽ കണ്ടന്റ് മാസ്റ്ററിംഗ് ചെയ്ത് തിയറ്ററുകളിൽ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളായിരുന്നു.
എന്നാൽ ഇത്തരം കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി സ്വന്തമായി മാസ്റ്ററിംഗ് യൂണിറ്റ് ആരംഭിച്ചിരുന്നു.
പുതിയതായി നിര്‍മിക്കുന്ന തിയറ്ററുകൾ ഈ സംവിധാനം ഉപയോഗിക്കണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.
തിയറ്ററുകളിൽ ഡിജിറ്റൽ പ്രിന്റ് എത്തിക്കാൻ തിയറ്റർ ഉടമകൾ നൽകുന്ന ഫീസിനോടൊപ്പം നിർമാതാക്കളുടെ കയ്യിൽനിന്നും ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ഫീസ് ഈടാക്കുന്നുണ്ട്.
പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ് സംവിധാനം വഴി ആറായിരം രൂപയിൽ താഴെ മാത്രം ചെലവിൽ തിയറ്ററുകളിൽ സിനിമ എത്തിക്കാൻ കഴിയുമെന്നിരിക്കെ, പതിനായിരമോ അതിലേറെയോ ഫീസ് കൊടുത്ത് സിനിമ എത്തിക്കുന്നതിന്റെ ആവശ്യമെന്തെന്നാണ് നിര്‍മാതാക്കളുടെ സംഘടന ചോദിക്കുന്നത്.
പിവിആർ അടക്കമുള്ള മൾടിപ്ലക്സ് തിയറ്റുകൾ ഇന്ത്യ മുഴുവൻ ആശ്രയിക്കുന്നത് ക്യൂബ്, യുഎഫ്ഒ തുടങ്ങിയ ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാരെയാണ്.
ഫോറം മാളിൽ പിവിആർ തുടങ്ങിയ പുതിയ തിയറ്ററുകളിലും ഈ സംവിധാനം കൊണ്ടുവരാൻ സംഘടന ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്.
കൊച്ചിയിൽ ഇരു സംഘടനകളും ചർച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. വിഷു റിലീസുകളുമായി തിയറ്ററുകൾ നിറയുന്ന സാഹചര്യത്തിൽ മലയാളം സിനിമ ഇൻഡസ്ട്രിക്ക് കനത്ത നഷ്ടമുണ്ടാക്കുന്ന നടപടിയാണ് പിവിആറിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.