വർഷങ്ങൾക്ക് ശേഷം വ്യാഴാഴ്ച തിയറ്ററുകളിലേയ്ക്ക്; ഹിറ്റായി "ന്യാബകം' വീഡിയോ ഗാനം
Tuesday, April 9, 2024 1:32 PM IST
മലയാള സിനിമാ ആസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷത്തിലെ പുതിയ ഗാനം പ്രേക്ഷകശ്രദ്ധ നേടുന്നു. 'ന്യാബകം...' എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം നിരവധി പേരിലേയ്ക്കാണ് എത്തിയിരിക്കുന്നത്.
അമൃത് രാംനാഥാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംഗീത സംവിധായകൻ അമൃത് രാംനാഥും സിന്ദൂര ജിഷ്ണുവും ചേർന്നാണ് ഗാനം ആലാപിച്ചിരിക്കുന്നത്.
മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വലിയ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും പ്രധാന വേഷത്തിലുണ്ട്. റംസാൻ - വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് ചിത്രം തിയറ്ററുകളിലെത്തും. കേരളത്തിൽ നിർമാതാക്കളായ മെറിലാൻഡ് സിനിമാസ് തന്നെയാണ് ഈ ചിത്രം വിതരണം ചെയ്യുന്നത്.
അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിവരാണ് മറ്റു താരങ്ങൾ.
സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും വർഷങ്ങൾക്ക് ശേഷം എന്നാണ് സൂചന. സംവിധാനത്തിന് പുറമെ ഈ ചിത്രത്തിനായി തിരക്കഥ രചിച്ചതും വിനീത് ശ്രീനിവാസൻ തന്നെയാണ്.
വിശ്വജിത്ത് ഛായാഗ്രാഹകനായ ഈ സിനിമയുടെ എഡിറ്റിംഗ് നിർവഹിക്കുന്നത് രഞ്ജൻ എബ്രഹാം ആണ്.