11 വർഷക്കാലം മറ്റാരേക്കാളും ത്യാഗം സഹിച്ചത് അവളാണ്; മകളുടെ ഒന്നാം പിറന്നാൾ ദിനത്തിൽ ഭാര്യയെക്കുറിച്ച് രാംചരൺ വീഡിയോ
Thursday, June 20, 2024 11:06 AM IST
മകൾ ക്ലിൻ കാരയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ അതിവൈകാരികമായ വീഡിയോ പങ്കുവച്ച് നടൻ രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും. ഒരുപാട് സന്തോഷം നിറഞ്ഞ ദിനമാണെന്നും 11 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മകൾ ജനിച്ചതെന്നും ഇരുവരും പറയുന്നു.
എട്ട് മാസം ഒരു കാറ്റ് പോലെയായിരുന്നു. പതിനൊന്ന് വർഷത്തെ കാത്തിരിപ്പ്. ഒരു അമ്മയാകുന്ന എല്ലാ വികാരങ്ങളിലൂടെയും ഞാൻ കടന്നു പോയി. ഒരുപാട് പേര് കുഞ്ഞിനെ അത്രയധികം സ്നേഹിക്കുന്നുണ്ട്. അതിൽ ഞാൻ ഒരുപാട് സന്തോഷവതിയാണ്.
എല്ലാവരും മകളോട് കാണിച്ച സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ക്ലിൻ കാര, ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിന്, ഞങ്ങളെ പൂർണതയിലെത്തിച്ചതിന് ഞങ്ങൾക്ക് സന്തോഷവും ആഹ്ലാദവും നൽകിയതിന് നന്ദി. ഉപസാന പറഞ്ഞു.
""ഒരുപാട് സ്ട്രെസും ടെൻഷനും നിറഞ്ഞ നാളുകൾ, ആ 11വർഷക്കാലം അവർ എന്തുചെയ്യുകയായിരുന്നു എന്ന് എല്ലാവരും കരുതിക്കാണും. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
കുഞ്ഞ് വരേണ്ട സമയത്ത് വന്നു. അങ്ങനെ അത് സംഭവിച്ചു. അത് യാഥാർഥ്യമായി. മറ്റാരേക്കാളും അവളാണ് ത്യാഗം അനുഭവിച്ചത്. ഒരു മികച്ച പങ്കാളിയാണ് ഉപാസന. ആ പതിനൊന്ന് വർഷ കാലയളവിൽ മികച്ച പങ്കാളികളായി ഞങ്ങൾ.
വളരെ ടെൻഷനുള്ള സമയമായിരുന്നു. പക്ഷേ കുഞ്ഞ് പുറത്തേക്ക് വന്ന ആ സെക്കൻഡിലാണ് ആശ്വാസമായത്. ഒൻപതു മാസങ്ങൾ ഞങ്ങൾ ആസ്വദിച്ച കാലമായിരുന്നു''. രാം ചരൺ പറഞ്ഞു.
2023 ജൂണ്‍ 20-ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ കൈയിലേന്തി ആശുപത്രിക്ക് പുറത്തേക്ക് വരുന്ന രാം ചരണിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. മുത്തച്ഛന് ചിരഞ്ജീവിയാണ് കുഞ്ഞിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ക്ലിന് കാര കോനിഡെല എന്നാണ് കുഞ്ഞിന്റെ മുഴുവന്‍ പേര്. ക്ലിന് കാര എന്ന പേര് ലളിതാസഹസ്രനാമത്തില്‍ നിന്നാണ് എടുത്തിരിക്കുന്നത്. ആത്മീയമായ ഉണർവ് സൃഷ്ടിക്കുന്ന, പരിവര്‍ത്തനത്തിനും ശുദ്ധീകരണത്തിനും വഴിതെളിക്കുന്ന ഊര്‍ജ്ജമാണ് ക്ലിന് കാര എന്ന പേരിലൂടെ അർഥമാക്കുന്നത്.