നമ്പി നാരായണന്‍റെ ജീവിതകഥ; റോക്കട്രി കാൻ ഫിലിം ഫെസ്റ്റിവലിൽ; ഇന്ത്യക്ക് അഭിമാന നേട്ടം
Thursday, May 5, 2022 2:55 PM IST
ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷണ്‍ നന്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കിയ റോക്കട്രി- ദ നന്പി ഇഫക്ടിന്‍റെ വേൾഡ് പ്രീമിയർ മേയ് 19ന് കാൻ ഫിലിം ഫെസ്റ്റിവലിൽ നടക്കും. രാജ്യത്തിന്‍റെ ഔദ്യോഗിക എൻട്രി ആയാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.

ഇന്ത്യ-ഫ്രഞ്ച് നയതന്ത്ര സഹകരണം 75 വർഷം പിന്നിടുന്ന അവസരത്തിൽ, ഫിലിം ഫെസ്റ്റിൽ ഇന്ത്യയ്ക്ക് ’കണ്‍ട്രി ഓഫ് ഓണർ’ ബഹുമതി നൽകിയിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു രാജ്യത്തെ ആദരിക്കുന്നത്. ഇന്ത്യൻ സിനിമയെയും സംസ്കാരത്തെയും പാരന്പര്യത്തെയും പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

ചിത്രത്തിന്‍റെ സംവിധായകൻ നടൻ ആർ. മാധവനാണ്. മാധവൻ തന്നെയാണ് നന്പി നാരായണനായി അഭിനയിക്കുന്നതും. ജൂലൈ ഒന്നിന് ചിത്രം ലോകമെന്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

പ്രമുഖ മലയാളി വ്യവസായിയായ ഡോ. വർഗീസ് മൂലന്‍റെ വർഗീസ് മൂലൻ പിക്ചേഴ്സും, മാധവന്‍റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കന്പനിയായ 27 വേ ഇൻവെസ്റ്റ്മെന്‍റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടർന്ന് നന്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്‍റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്ത് സംഭവിച്ചു? ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തെ എങ്ങനെ ബാധിച്ചു?തുടങ്ങിയ കാര്യങ്ങളാണ് ചിത്രം പറയുന്നത്.

നന്പി നാരായണന്‍റെ ആത്മകഥയായ "ഓർമകളുടെ ഭ്രമണപഥ'ത്തിന്‍റെ രചയിതാവും സംവിധായകനുമായ ജി. പ്രജേഷ് സെൻ ആണ് ചിത്രത്തിന്‍റെ കോ ഡയറക്ടർ.

വിവിധ ഭാഷകളിൽ റോക്കട്രി റിലീസ് ചെയ്യുന്നുണ്ട്. ഒരേ സമയം ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിക്കുകയും മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റുകയും ചെയ്തിട്ടുണ്ട്. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം എത്തുന്നു.

ഒരേ സമയം ഏറ്റവും കൂടുതൽ ഭാഷകളിൽ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കും "റോക്കട്രി- ദ നന്പി ഇഫക്ട്.’ ചിത്രത്തിൽ ഷാരൂഖ് ഖാനും, സൂര്യയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സിമ്രാനാണ് നായിക.

വിവിധ പ്രായത്തിലുള്ള നന്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവൻ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫിലിസ് ലോഗൻ, വിൻസന്‍റ് റിയോറ്റ, റോണ്‍ ഡൊനാഷേ തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജിത് കപൂർ, രവി രാഘവേന്ദ്ര , മിഷ ഖോഷൽ, ഗുൽഷൻ ഗ്രോവർ, കാർത്തിക് കുമാർ തുടങ്ങിയ ബോളിവുഡ് താരങ്ങളും മലയാളി താരം ദിനേഷ് പ്രഭാകറും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ഇന്ത്യ, ഫ്രാൻസ്, അമേരിക്ക, കാനഡ, ജോർജിയ, സെർബിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പ്രമുഖ വിതരണ കന്പനികളായ യുഎഫ്ഒ മൂവീസ്, യാഷ് രാജ് ഫിലിംസ്, എജിഎസ് സിനിമാസ്, ഫാർസ് ഫിലിംസ് എന്നിവരാണ് റോക്കട്രി തിയേറ്ററുകളിൽ എത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.