"ആ ഭാര്യ ഞാനായിരുന്നുവെന്ന് മോഹൻലാലിനു പോലും അറിയില്ല!'
Monday, August 24, 2020 6:23 PM IST
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത "അടുത്തടുത്ത്' എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായി താൻ അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ ആ ഭാര്യ ഞാനായിരുന്നു എന്ന് മോഹൻലാലിന് പോലും അറിയില്ലെന്നും സീമ ജി. നായർ. അറിയുമായിരുന്നെങ്കിൽ പിന്നീട് പല അവസരത്തിൽ കണ്ടപ്പോഴും അദ്ദേഹം അതേക്കുറിച്ച് എന്തെങ്കിലും പറയുമായിരുന്നു എന്നാണ് സീമ പറയുന്നത്.
സുകുമാരി, തിലകൻ, കെപിഎസി ലളിത, ഭരത് ഗോപി, ലിസി, ബഹദൂർ, ഭരത് ഗോപി, കുതിരവട്ടം പപ്പു, മാള അരവിന്ദ് തുടങ്ങിയ പ്രമുഖരെല്ലാം അഭിനയിച്ച ചിത്രത്തിൽ ചെറിയൊരു രംഗത്തായിരുന്നു സീമ ജി. നായരുടെ രംഗപ്രവേശം.
മോഹൻലാൽ അവതരിപ്പിച്ച വിഷ്ണു മോഹൻ എന്ന കഥാപാത്രത്തെ ഇഷ്ടമാണെന്ന് പറഞ്ഞ് രാധ (അഹല്യ) വീട്ടിൽ വരുന്പോൾ അവിടെ ലാലിന്റെ ഭാര്യയായി സീമ ജി നായരും കുഞ്ഞും ഉണ്ടാവും. ഇതായിരുന്നു രംഗം.
പിന്നീട് പല സിനിമകളിലും കുഞ്ഞു കുഞ്ഞു വേഷങ്ങളിൽ സീമ എത്തി. ഒന്നും എടുത്ത് പറയാൻ മാത്രം വലിയ കഥാപാത്രങ്ങൾ ആയിരുന്നില്ല. എന്നാൽ ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലെ കുഞ്ഞുലക്ഷ്മി എന്ന കഥാപാത്രം കരിയറിലെ ഒരു നേട്ടമായിരുന്നു എന്ന് സീമ പറഞ്ഞു.
അതിന് ശേഷം ധാരാളം അവസരം ലഭിക്കുമെന്ന് പലരും പറഞ്ഞിരുന്നു. പക്ഷെ അതുണ്ടായില്ല എന്നും നടി പറയുന്നു. വ്യത്യസ്തമായ ശബ്ദവുമായി സിനിമാ ലോകത്തെത്തിയ സീമ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ആണത്തമുള്ളതും തന്റേടമുള്ളതുമാണ്. അതുകൊണ്ട് തന്നെ ആ തന്റേടിത്തം വ്യക്തിജീവിതത്തിലും ഉണ്ടെന്നാണ് ചിലരൊക്കെ വിചാരിച്ചു വച്ചിരിക്കുന്നത്.
എന്നാൽ തന്റെ കഥാപാത്രങ്ങളിലെ പാതി തന്റേടം പോലും വ്യക്തി ജീവിതത്തിൽ തനിക്കില്ല എന്ന് സീമ പറയുന്നു. അങ്ങനെയായിരുന്നെങ്കിൽ സിനിമകളിൽ ഇതിനോടകം മറ്റൊരു സീമയായി മലയാള സിനിമയിൽ നിറഞ്ഞു നിന്നേനെ- സീമ പറയുന്നു.
നാടകങ്ങളുടെ നല്ലകാലത്ത് അറിയപ്പെടുന്ന നായിക നടിയായ സീമ പരിചയ ബന്ധങ്ങളുടെ പുറത്താണ് സിനിമകളിൽ എത്തുന്നത്. 1984-ൽ പാവം ക്രൂരൻ എന്ന സിനിമയിലൂടെ നാന്ദി കുറിച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.