പഴശിരാജയിലെ കുങ്കന് ആകേണ്ടിയിരുന്നത് മറ്റൊരു സൂപ്പർസ്റ്റാർ
Saturday, January 16, 2021 4:30 PM IST
പഴശിരാജ എന്ന സിനിമയിൽ ശരത്കുമാർ ചെയ്ത എടച്ചേന കുങ്കന്റെ കഥാപാത്രം ചെയ്യാൻ ആദ്യം സമീപിച്ചത് സുരേഷ് ഗോപിയെ ആയിരുന്നുവെന്ന് വെളിപ്പെടുത്തി സംവിധായകൻ ഹരിഹരൻ. എന്നാൽ ആ വേഷം സുരേഷ് ഗോപി തിരസ്കരിക്കുകയായിരുന്നുവെന്നും അദ്ദേഹം. ഒരഭിമുഖത്തിലായിരുന്നു ഹരിഹരന്റെ വെളിപ്പെടുത്തൽ.
ഹരിഹരന്റെ വാക്കുകൾ...
"അങ്ങനെയുള്ള വിവാദത്തിനു ഒന്നും അന്നേ ഞാൻ പ്രാധാന്യം നൽകിയിട്ടില്ല . പഴശിരാജയിലെ ഒരു മുഖ്യവേഷം ചെയ്യാൻ ഞാൻ സുരേഷ് ഗോപിയെ വിളിച്ചിരുന്നു. അദ്ദേഹത്തിന് അത് ചെയ്യാൻ താത്പര്യമില്ല എന്ന് അറിയിച്ചു. അത് അവിടെ കഴിഞ്ഞു.
അതിലെ വേഷം നഷ്ടപ്പെട്ടത് കൊണ്ട് സുരേഷ് ഗോപിക്ക് മഹത്തരമായ ഒരു കഥാപാത്രം നഷ്ടമായി എന്നൊന്നും ഞാൻ വിചാരിക്കുന്നില്ല. കാരണം നാളെ അതിലും മികച്ച റോളുകൾ സുരേഷ് ഗോപിക്ക് ലഭിച്ചേക്കാം. അങ്ങനെയുള്ള വിവാദങ്ങൾക്ക് ഒന്നും ഒരു കാലത്തും പ്രസക്തി നൽകേണ്ടതില്ല'- ഹരിഹരൻ പറയുന്നു.
മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് പഴശിരാജ. പഴശിരാജയുടെ ജീവിതകഥ പറഞ്ഞ ചരിത്രസിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മമ്മൂട്ടിയെ കൂടാതെ വൻതാരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ശരത്കുമാർ, കനിഹ, മനോജ് കെ. ജയൻ, പത്മപ്രിയ, തിലകൻ തുടങ്ങിയവരെല്ലാം ചിത്രത്തിനായി അണിനിരന്നിരുന്നു. മലയാളത്തിൽ വൻവിജയമായി മാറിയ ചിത്രം അന്യഭാഷകളിലേക്കും റീമേക്ക് ചെയ്തു.
നേരത്തെയുണ്ടായ ചില സംഭവവികാസങ്ങളെത്തുടർന്നാണ് സുരേഷ് ഗോപി പഴശിരാജ നിരസിച്ചതെന്ന് അക്കാലത്തു ചില റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്ന മമ്മൂട്ടിയും സുരേഷ് ഗോപിയും ഇടക്കാലത്ത് ചില വ്യക്തിപരമായ പ്രശ്നങ്ങൾ മൂലം അകലുകയായിരുന്നു.
മമ്മൂട്ടിയും സുരേഷ് ഗോപിയും അത്ര നല്ല ബന്ധമല്ല സൂക്ഷിച്ചിരുന്നതെന്നും പഴശിരാജയിലെ പിൻമാറ്റത്തിന് കാരണം അതാണെന്ന തരത്തിലുമുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. മുൻപ് ചില പിണക്കങ്ങളുണ്ടായിരുന്നുവെങ്കിലും ഇരുവരും അത് പരിഹരിച്ചിരുന്നു. പൊതുവേദികളിലും മറ്റുമായി ഇരുവരും ഒരുമിച്ച് പങ്കെടുക്കുമായിരുന്നു. പിറന്നാളിന് ഇരുവരും അനോന്യം ആശംസകൾ അറിയിച്ചും എത്തിയിരുന്നു.