ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കൾ: ശ്വേത
Friday, January 24, 2020 10:41 AM IST
ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ശ്വേത ബസു. കുറച്ചുവർഷങ്ങൾക്ക് മുൻപ് നടി അനാശാസ്യത്തിന് പിടിക്കപ്പെട്ടത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. വിവാദങ്ങൾക്കിടെ സിനിമയിൽ നിന്നും വിട്ടുനിന്ന നടി ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുവരവ് നടത്തിയിരുന്നു.
സിനിമകൾക്ക് പുറമെ മിനിസ്ക്രീൻ രംഗത്തും സജീവമായിരുന്നു താരം. 2018 ഡിസംബറിലാണ് യുവ സംവിധായകൻ രോഹിത്ത് മിത്തലുമായുളള ശ്വേത ബസുവിന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് വിവാഹ വാർഷികത്തിന് മൂന്ന് ദിവസം ശേഷിക്കയെയാണ് ഇരുവരുടെയും വിവാഹമോചന വാർത്തയും എല്ലാവരും അറിഞ്ഞത്. ഇതിന്റെ കാരണം നടി തന്നെ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണ് വിവാഹ മോചനമെന്നാണ് ശ്വേത അന്ന് പറഞ്ഞത്. വളരെ വൈകാരികമായിട്ടായിരുന്നു ശ്വേത ഡിവോഴ്സിനെക്കുറിച്ച് പറഞ്ഞത്. വിവാഹ മോചനത്തെക്കുറിച്ച് അടുത്തിടെ നടന്നൊരു അഭിമുഖത്തിലും നടി മനസുതുറന്നിരിക്കുന്നു. ദാന്പത്യബന്ധം അവസാനിപ്പിച്ചെങ്കിലും തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നാണ് നടി പറയുന്നത്.
അദ്ദേഹം എപ്പോഴും എന്റെ അഭിനയ ജീവിതത്തെ വളരെയധികം പിന്തുണയ്ക്കുന്ന ആളാണ്. ഞാൻ അദ്ദേഹത്തിന്റെ ആരാധികയാണ്. അദ്ദേഹം ഒരു മികച്ച ഫിലിം മേക്കറാണ്. ഞങ്ങൾ എന്നെങ്കിലും ഒരിക്കൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഞങ്ങൾക്കിടയിൽ അഞ്ച് വർഷമായി വളരെ സ്നേഹം നിറഞ്ഞതും ആരോഗ്യകരവും വിശ്വസ്തവുമായ ബന്ധമാണ് ഉളളത്. വിവാഹബന്ധം അവസാനിപ്പിച്ച് സുഹൃത്തുക്കളായി തുടരാൻ ഞങ്ങൾ തീരുമാനിച്ചു. അത്ര മാത്രം- ശ്വേത പറഞ്ഞു. വീണ്ടും പ്രണയത്തിലാകുമോ എന്ന ചോദ്യത്തിന്, തീർച്ചയായും പ്രണയം എന്ന ആശയത്തെയോ പ്രണയത്തിലാകുന്നതിനെയോ ഞാൻ അകറ്റി നിർത്തിയിട്ടില്ല.
പക്ഷേ ഇപ്പോൾ എന്റെ എക ശ്രദ്ധ കരിയറും ജോലിയും മാത്രമാണ്. സ്നേഹം ജൈവികമായി സംഭവിക്കുന്ന ഒന്നാണ്. അത് സംഭവിച്ചില്ലെങ്കിൽ ഒരു കുഴപ്പവുമില്ല. അതിനെ അന്വേഷിച്ച് പോകുന്നുമില്ല എന്നായിരുന്നു ശ്വേതയുടെ മറുപടി.