കൊല്ലം: നടന് ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഏറെ നാളായി വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കുടൽ സംബന്ധമായ രോഗങ്ങളെത്തുടർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നടന് മധുവാണ് ടി.പി. മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്. "അക്കൽദാമ' എന്ന സിനിമയുടെ സെറ്റിൽ വച്ച് മധുവിന്റെ പ്രേരണയിൽ ചെറിയ ഒരു വേഷം ചെയ്തു. അതിനു ശേഷം സിനിമാഭിനയത്തിനായി മദ്രാസിലേക്ക് പോയി.
1975ൽ പുറത്തിറങ്ങിയ "രാഗം' ആയിരുന്നു ആദ്യചിത്രം. അറുനൂറോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന മാധവൻ. 1994 മുതൽ 1997 വരെ അമ്മയുടെ ജനറൽ സെക്രട്ടറിയും 2000 മുതൽ 2006 വരെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയാണ്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചു.
പ്രശസ്ത അധ്യാപകൻ പ്രഫ. എൻ.പി. പിള്ളയുടെ മകനാണ് ടി.പി. മാധവൻ. 1935-ൽ തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹം ജനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.