രണ്ടു വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ആത്മബന്ധത്തിന്റെയും കഥ പറയുന്ന ചിത്രമാണ് തെക്ക് വടക്ക്. വിനായകനും സുരാജ് വെഞ്ഞാറന്മൂടുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രേംശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി
നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനു ശേഷം എസ്. ഹരീഷാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ജനാ വാർസിന്റെ ബാനറിൽ അഞ്ജനാ ഫിലിപ്പും, വി.എ. ശ്രീകുമാർ മേനോനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.
ഒരേ ബസിൽ വന്നിറങ്ങുന്ന രണ്ടു പേർ, രണ്ടു പേരും രണ്ടു വഴിക്കായി പിരിയുന്നു. അവരാണ് മാധവനും,ശങ്കുണ്ണിയും. ആത്മ സ്നേഹിതർ. എന്നാൽ ഇന്ന് ഇവർ തമ്മിൽ ശത്രുതയിലാണ്. അത് കേസിൽ വരെ ചെന്നെത്തിയിരിക്കുന്നു.
നാട്ടുകാർ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. സഖാവ് മാധവനും, സഖാവ് ശങ്കുണ്ണിയും ഒരേ പാർട്ടിക്കാർ. ശരിക്കും ഇവർ തമ്മിൽ എന്താ പ്രശ്നം? അവരുതന്നെയാണു പ്രശ്നം.... വൈരാഗ്യമാണ് സാറെ ... അതിപ്പതൊടങ്ങിയതല്ല പണ്ടേക്കു പണ്ടേ തൊടങ്ങിയതാ.....
തെക്ക് വടക്ക് എന്ന ചിത്രത്തിലൂടെ കേസിന്റെ ഊരാക്കുടുക്കുകളുടെ ചുരുളുകൾ നിവർത്തുമ്പോൾ അസാധാരണ ബന്ധത്തിന്റെ ഊഷ്മളത പ്രേക്ഷകർക്ക് നവ്യമായ ഒരനുഭൂതി നൽകുന്നതായിരിക്കും. ജീവിതവുമായി ബന്ധപ്പെട്ട കഥപാത്രങ്ങളെ ഏറെ അവതരിപ്പിച്ച് അംഗീകാരം നേടിയ മലയാളത്തിലെ മികച്ച അഭിനേതാക്കളായ വിനായകനും സുരാജ് വെഞ്ഞാറമൂടുമാണ് മാധവനേയും ശങ്കുണ്ണിയേയും ഭദ്രമാക്കുന്നത്.
കോട്ടയം രമേശ്, മെറിൻ ജോസ്, മെൽവിൻ ജി. ബാബു, ഷമീർഖാൻ, വിനീത് വിശ്വം, സ്നേഹാ ശീതൾ, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജയിംസ് പാറക്കൽ എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ഏറെ ശ്രദ്ധേയമായ ഒടിയൻ സിനിമയിലെ ഗാനങ്ങൾ രചിച്ച് ശ്രദ്ധേയയായ ലക്ഷ്മി ശ്രീകുമാറിന്റേതാണ് ഗാനങ്ങൾ.
സാം സി.എസാണ് സംഗീത സംവിധായകൻ. വലിയ പെരുന്നാൾ, കിസ്മത്ത്, ബിഡ്ജ് തുടങ്ങിയ മികച്ച ചിത്രങ്ങൾക്കു കാമറ ചലിപ്പിച്ച സുരേഷ് രാജനാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് - കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈനർ -രാഖിൽ, കോസ്റ്റ്വും - ഡിസൈൻ - അയിഷ സഫീർ സേഠ്, മേക്കപ്പ് - അമൽ ചന്ദ്ര, ചീഫ് അസോസിയേറ്റ് ഡയറക്ടർ - വി. ബോസ്, കാസ്റ്റിംഗ് ഡയറക്ടർ - അബു വളയംകുളം, നിശ്ചല ഛായാഗ്രഹണം -അനീഷ് അലോഷ്യസ്, ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ഷെമീജ് കൊയിലാണ്ടി.
പ്രൊഡക്ഷൻ കൺട്രോളർ- സജി ജോസഫ്. പിആർഒ-വാഴൂർ ജോസ്. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം സെപ്റ്റംബർ ഇരുപതിന് പ്രദർശനത്തിനെത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.