മേക്കിംഗ് വീഡിയോ പുറത്തുവിട്ട അരങ്ങേറ്റ രഹസ്യം
Tuesday, February 18, 2020 9:31 AM IST
തിയറ്ററുകൾ നിറഞ്ഞ് പ്രദർശനം തുടരുകയാണ് അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം. സുരേഷ് ഗോപിയും ശോഭനയും ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും പ്രധാന വേഷത്തിലെത്തിയ ചിത്രം യഥാർത്ഥത്തിൽ മറ്റൊരാളുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് ആണ് ആ വ്യക്തി.
ചിത്രത്തിലെ ഒരു സംഘട്ടന രംഗത്ത് ഒരു നിമിഷത്തേക്ക് വന്നു മറയുന്ന രംഗമാണെങ്കിലും കാമറയ്ക്കു മുന്നിൽ ആദ്യമായി എത്തുന്നതിനാൽ അച്ഛൻ സുരേഷ് ഗോപിയുടെ കാൽ തൊട്ടു വന്ദിച്ചാണ് മാധവ് അഭിയിച്ചത്. ഒരു കെട്ടിടത്തിന്റെ മുകൾ നിലയിലെ ജനാലയിൽ കൂടി സംഘട്ടനം കാണുന്ന മാധവിന്റെ ദൃശ്യമാണ് സിനിമയിലുള്ളത്.
സിനിമയുടെ സംവിധായകനോ അണിയറ പ്രവർത്തകരോ ഇത്രയും നാൾ ഈ വിവരം പുറത്തു വിട്ടിരുന്നില്ല. ചിത്രത്തിലെ സംഘട്ടന രംഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തു വന്നപ്പോഴാണ് മാധവന്റെ രംഗവും പ്രേക്ഷക ശ്രദ്ധയിൽ പെട്ടത്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കന്പനിയായ വേഫെയറർ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.