"ആഗ്രഹിച്ചതല്ല; ആ ചിത്രത്തിൽ എന്നെ നിർബന്ധിച്ച് അഭിനയിപ്പിച്ചു'
Sunday, May 9, 2021 5:58 PM IST
കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് വിജയരാഘവൻ. നാടകകുലപതി എൻ.എൻ. പിള്ളയുടെ മകനായ വിജയരാഘവൻ തന്റെ സിനിമാ അരങ്ങേറ്റം ഒട്ടും ആഗ്രഹത്തോടെ അല്ലായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ.
സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചതല്ലെന്നും എന്നാല്‍ അച്ഛന്റെ കാപാലിക നാടകം സിനിമയാക്കിയപ്പോള്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചതാണെന്നും വിജയരാഘവൻ പറഞ്ഞു. അന്നാണ് താന്‍ ഒരു സിനിമ ചിത്രീകരണം ആദ്യമായി കാണുന്നതെന്നും ആദ്യചിത്രം തന്നെ ഷീലയ്ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"എന്റെ രണ്ടാമത്തെ ചിത്രം അമ്മയ്ക്കൊരുമ്മ എന്ന ശ്രീകുമാരന്‍ തമ്പി സാറിന്റെ സിനിമയാണ്. അത് കഴിഞ്ഞിട്ടാണ് സുറുമയിട്ട കണ്ണുകള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. എനിക്ക് സിനിമയില്‍ തിരക്കേറുന്നത് ജോഷിയുടെ ന്യൂഡല്‍ഹി തൊട്ടാണ്. ആ സിനിമയാണ് നടനെന്ന നിലയില്‍ എനിക്ക് ബ്രേക്ക് കിട്ടിയത്..'- വിജയരാഘവൻ പറയുന്നു