അൺഫോളോ ചെയ്ത ശേഷം... ബുമ്രയെക്കുറിച്ച് വീണ്ടും അനുപമ പരമേശ്വരൻ
Saturday, October 19, 2019 10:06 AM IST
ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര ട്വിറ്ററിൽ ഒരേയൊരു നടിയെ മാത്രമാണ് ഫോളോ ചെയ്യുന്നത്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവരുകയും പിന്നെ അന്യഭാഷാ ചിത്രങ്ങളിൽ തിരക്കേറുകയും ചെയ്ത അനുപമ പരമേശ്വരനെയാണ് ബുമ്ര ഫോളോ ചെയ്യുന്നത്. ഇതേ തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകൾ സിനിമാ പ്രേമികൾക്കിടയിൽ സജീവമായി.
ഗോസിപ്പുകൾ അസഹനീയമായപ്പോൾ ബുമ്രയ്ക്ക് അനുപമയെ അൺഫോളോ ചെയ്യേണ്ടിയും വന്നു. തങ്ങൾക്കിടയിൽ സൗഹൃദങ്ങൾക്കുപ്പുറം യാതൊന്നുമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനുപമ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താനും ബുമ്രയും സുഹൃത്തുക്കളാണെന്നും അതിനാലാണ് ട്വിറ്ററിൽ പരസ്പരം ഫോളോ ചെയ്തതെന്നും അനുപമ വ്യക്തമാക്കിയത്.
പക്ഷെ ചിലർ തന്റെ ചിത്രങ്ങളിൽ ബുമ്രയുടെ പേര് ചേർത്തും ബുമ്രയുടെ ചിത്രങ്ങളിൽ തന്റെ പേര് ചേർത്തും കമന്റുകൾ ഇട്ടത് വിഷമിപ്പിച്ചു. അതോടെ ബുമ്ര തന്നെ ഫോളോ ചെയ്യുന്നത് അവസാനിപ്പിച്ചു. എന്നാലും ഇപ്പോഴും തങ്ങൾ സുഹൃത്തുക്കളാണെന്ന് അനുപമ പറഞ്ഞു.