വിവാഹ രഹസ്യം വെളിപ്പെടുത്തി ലെന; വരൻ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത്
Tuesday, February 27, 2024 6:37 PM IST
രഹസ്യ വിവാഹം പരസ്യമാക്കി നടി ലെന. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരുമായി തന്റെ വിവാഹം കഴിഞ്ഞുവെന്ന രഹസ്യമാണ് താരം പരസ്യമാക്കിയത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ലെന വിവാഹ രഹസ്യം പുറത്തുവിട്ടത്. വിവാഹത്തിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
2024 ജനുവരി 17ന് താനും പ്രശാന്തും പരമ്പരാഗത ചടങ്ങിലൂടെ വിവാഹിതരായെന്നും ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ് നടന്നതെന്നും താരം ഇൻസ്റ്റയിൽ കുറിച്ചു. ഗഗൻയാൻ യാത്രികരുടെ പേര് രഹസ്യമാക്കി വച്ചതാണ് വിവാഹവിവരവും രഹസ്യമാക്കി വയ്ക്കാൻ കാരണമെന്നാണ് താരം കുറിച്ചത്.

"ഇന്ന്, 2024 ഫെബ്രുവരി 27ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്.
ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു'- ലെന കുറിച്ചു.
ഇന്ന് രാവിലെയാണ് ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ഗഗൻയാൻ യാത്രികരെ പ്രധാനമന്ത്രി ലോകത്തിന് പരിചയപ്പെടുത്തിയത്. നാലംഗ സംഘമാണ് യാത്രയ്ക്ക് തയാറെടുക്കുന്നത്. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്താണ് സംഘത്തിലെ ഏക മലയാളി.
വിഎസ്എസ്സിയിൽ നടന്ന ചടങ്ങിൽ പ്രശാന്തിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ലെനയും പങ്കെടുത്തിരുന്നു. നാഷണൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനത്തിന് ശേഷം 1999 ജൂണിലാണ് പ്രശാന്ത് വ്യോമസേനയിൽ ചേർന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ്.
1998-ൽ പുറത്തിറങ്ങിയ ജയരാജ് സംവിധാനം ചെയ്ത "സ്നേഹം' എന്ന ചിത്രത്തിലൂടെയാണ് ലെന സിനിമാ ലോകത്ത് എത്തുന്നത്. ഇതുവരെ നൂറിലധികം ചിത്രങ്ങളിൽ തിളങ്ങിയ താരം നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
2004 ജനുവരി 16ന് മലയാള സിനിമയിലെ സ്ക്രീൻ റൈറ്റർ അഭിലാഷ് കുമാറിനെ ലെന വിവാഹം ചെയ്തിരുന്നു. പിന്നീട് ഉഭയകക്ഷി സമ്മതപ്രകാരം ഇരുവരും ബന്ധം വേർപെടുത്തുകയായിരുന്നു.