വിദ്യാസാഗറിന് വിട; ഹൃദയവേദനയോടെ മീന
Thursday, June 30, 2022 9:26 AM IST
തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവും വ്യവസായിയുമായ വിദ്യാസാഗറിന്‍റെ (48) സംസ്കാരം ചെന്നൈയില്‍ നടന്നു. ചെന്നൈ ബസന്‍റ് നഗര്‍ ശ്മശാനത്തില്‍ നടന്ന സംസ്കാരചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.
കോവിഡ് ബാധിച്ചാണു മരണമെന്ന പ്രചാരണത്തെ തുടര്‍ന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യം ഇക്കാര്യത്തില്‍ വിശദീകരണം നടത്തി. ശ്വാസകോശ രോഗങ്ങള്‍ ഏറെ നാളായി അലട്ടിയിരുന്ന വിദ്യാസാഗറിനു ഡിസംബറില്‍ കോവിഡ് ബാധിച്ചിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വാസകോശത്തില്‍ അണുബാധയുണ്ടായതോടെ മാര്‍ച്ചിലാണു നില വഷളായത്. ശ്വാസകോശം മാറ്റിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും അവയവദാതാവിനെ ലഭിക്കാതിരുന്നതിനാല്‍ ശസ്ത്രക്രിയ നീണ്ടു. വെന്‍റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയതെന്നും മന്ത്രി പറഞ്ഞു.
കലാസാംസ്കാരിക രംഗത്തുനിന്നും നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. നടന്‍ രജനീകാന്ത്, പ്രഭുദേവ,റഹ്മാന്‍, നാസര്‍, മന്‍സൂര്‍ അലിഖാന്‍,രംഭ, ഖുശ്ബു, സുന്ദര്‍ സി, ലക്ഷ്മി, ബ്രിന്ദ, സ്നേഹ തുടങ്ങി നിരവധി പേര്‍ മീനയെയും കുടുംബത്തെയും ആശ്വസിപ്പിക്കാന്‍ എത്തിയിരുന്നു.
മലയാള ചലച്ചിത്രതാര സംഘടനയായ 'അമ്മ'യ്ക്കു വേണ്ടി നടന്‍ കൈലാഷ് പുഷ്പചക്രം സമര്‍പ്പിച്ചു. ബാലതാരമായ നൈനിക (11) ഏകമകളാണ്. വിവാഹിതരായിട്ട് പതിമൂന്ന് വര്‍ഷം ജൂലൈ 12-ന് തികയാനിരിക്കെയാണ് വിദ്യാസാഗര്‍ യാത്രയായതി. 2009-ലായിരുന്നു ഇരുവരുടെയും വിവാഹം.