മുറപ്പെണ്ണിന് മിന്നു ചാർത്തി ബാല; താരത്തിനിത് നാലാം വിവാഹം
Wednesday, October 23, 2024 9:00 AM IST
നടൻ ബാല വീണ്ടും വിവാഹിതനായി. നടന്റെ മുറപ്പെണ്ണ് കോകിലയാണ് വധു. ബാലയുടെ അമ്മയുടെ സഹോദരന്റെ മകളാണ് കോകില. താരത്തിന്റെ നാലാം വിവാഹമാണിത്. തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതിരിക്കാൻ വിവാഹം ഉണ്ടാകുമെന്നു കഴിഞ്ഞദിവസമാണ് ബാല അറിയിച്ചത്.
തുടർന്ന് ഇന്ന് രാവിലെ കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും മാധ്യമ പ്രവർത്തകരുമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
""എന്റെ ബന്ധുവാണ് വധു. പേര് കോകില. എന്റെ അമ്മയ്ക്ക് വരാൻ പറ്റിയില്ല, 74 വയസുണ്ട്. വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആരോഗ്യനില മോശമാണ്. കോകിലയുടെ ചെറുപ്പത്തിലെ ഒരു ആഗ്രഹമാണ് ഇപ്പോൾ നടന്നത്. വാഴ്ത്തണമെന്ന് മനസുള്ളവർ വാഴ്ത്തുക.
കോകിലയ്ക്ക് മലയാളം അറിയില്ല. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആരോഗ്യത്തിൽ നല്ല മാറ്റമുണ്ട്. ആ സമയത്തൊക്കെ കൂടെ നിന്ന ആളാണ് കോകില. കരൾ മാറ്റിവച്ച ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി.

എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു. ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. ജീവിതത്തിൽ സമാധാനമുണ്ട്. ’’വിവാഹശേഷം ബാല മാധ്യമങ്ങളോട് പറഞ്ഞു.

പ്രമുഖ ഗായിക അടക്കം നാലുപേർ ജീവിത സഖിയായി എത്തിയിരുന്നു എങ്കിലും വിവാഹജീവിതം അത്ര രസത്തിൽ ആയിരുന്നില്ല. ഗായികയുമായുള്ള വിവാഹമോചനത്തിനുശേഷം ഡോക്ടർ എലിസബത്ത് ഉദയനെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല.