ബേസിൽ ബാറിൽ അല്ല, ഇവിടെ വേറെ ലെവൽ ചർച്ചയിൽ; ധ്യാനിന്റെ ട്രോളിന് മറുപടിയുമായി ബെന്യാമിൻ
Saturday, April 13, 2024 9:26 AM IST
വർഷങ്ങൾക്ക് ശേഷം സിനിമയിലെ തന്റെ അഭിനയം കണ്ട് തകർന്നു പോയ ധ്യാൻ ബാറിൽ പോയി മദ്യപിച്ചിരിക്കുകയാണെന്ന ധ്യാൻ ശ്രീനിവാസന്റെ ട്രോളിന് മറുപടിയുമായി ബെന്യാമിൻ. ബേസിൽ ബാറിലല്ലെന്നും വേറെ ലെവല്‍ ചർച്ചയിലാണെന്നുമാണ് ബെന്യാമിന്റെ പ്രതികരണം.
ബേസിലിനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു ബെന്യാമിന്റെ രസകരമായ ഈ പ്രതികരണം. എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി.ആർ. ഇന്ദുഗോപനെയും ഇവർക്കൊപ്പം കാണാം.
“തന്റെ അഭിനയം കണ്ട് അസൂയ മൂത്ത ബേസിൽ തൃശൂരിൽ എവിടെയോ ബാറിലാണെന്ന് – ധ്യാൻ. ചുമ്മാ, താനിവിടെ വേറെ ലവൽ ചർച്ചയിലാണെന്ന് മച്ചാൻ”–ബെന്യാമിന്റെ വാക്കുകൾ.
ബേസിൽ പുതിയ സിനിമയുടെ ചർച്ചയിലാണെന്ന സൂചനയാണ് ബെന്യാമിൻ നല്‍കുന്നത്. ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ പ്രത്യേക പ്രദർശനത്തിനിടെ ബേസിൽ ജോസഫിനെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറഞ്ഞ ട്രോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
സിനിമയിലെ തന്റെ പെർഫോമൻസ് കണ്ട് തകർന്ന് ഏതോ ലോഡ്ജിൽ ഒളിച്ചിരിക്കുകയാണ് ബേസിലെന്നും കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുമായിരുന്നു ധ്യാൻ പറഞ്ഞത്.
‘‘പ്രണവിനെ വിളിച്ചിരുന്നു, ഊട്ടിലേക്ക് പോകുന്നതിനിടെയാണ് അവനെ വിളിച്ചത്. ബേസിലിനെക്കുറിച്ചുള്ള വിവരമൊന്നുമില്ലേ? സിനിമയിലെ എന്റെ പെർഫോമൻസ് കണ്ട് തകർന്ന് തൃശൂർ ഭാഗത്ത് ഏതോ ലോഡ്ജ് എടുത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയാണ്,
അവൻ തകർച്ചയിലാണ്. ബേസിലിനെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. ഡാ മോനേ ബേസിലേ, ഞാൻ തൂക്കിയെടാ.’’ ധ്യാനിന്റെ വാക്കുകൾ.
വർഷങ്ങൾക്കു ശേഷം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ധ്യാൻ ശ്രീനിവാസന്റെയും ബേസിൽ ജോസഫിന്റെയും തഗ് ഡയലോഗുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു