കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ എന്ന ചിത്രത്തിന്റെ റിലീസിംഗ് തിയതി നീട്ടി.
ചിത്രം ഒക്ടോബർ അഞ്ചിന് റിലീസ് ചെയ്യും. നേരത്തെ സെപ്റ്റംബർ 28ന് റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. നിർമാതാക്കൾ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
കുഞ്ചാക്കോ ബോബനെ കൂടാതെ ആന്റണി വര്‍ഗീസ്, അർജുൻ അശോകൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. സിനിമയുടെ ട്രെയിലറും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
പാർട്ടിക്കുവേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടെ കഥയാണ് ചിത്രം പറയുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും വിഷയമാകുന്ന ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറാകും ചിത്രം.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് പ്രമേയം.
ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസുകള്‍ കീഴടക്കിയ നടി സംഗീതയും സിനിമയിലെത്തുന്നു. മനോജ് കെ.യു., സജിൻ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്.
നടനും സംവിധായകനുമായ ജോയ് മാത്യുവാണ് തിരക്കഥ. സൂപ്പർ ഹിറ്റായ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ', 'അജഗജാന്തരം' സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമാണിത്.
കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രഹണം: ജിന്റോ ജോർജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ., സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്: മക്ഗുഫിൻ, പിആർഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.