തമിഴിൽ ലൈംഗിക ചൂഷണമില്ലെന്ന് ആര് പറഞ്ഞു?; ജീവയെ വിമർശിച്ച് ചിന്മയി
Tuesday, September 3, 2024 3:26 PM IST
മലയാള സിനിമയിൽ മാത്രമേ ലൈംഗികചൂഷണങ്ങളുള്ളുവെന്നും തമിഴിൽ അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നും പറഞ്ഞ ജീവയെ വിമർശിച്ച് ഗായിക ചിന്മയി ശ്രീപദ. തമിഴ് സിനിമയിൽ ലൈംഗിക ചൂഷണമില്ലെന്ന് എങ്ങനെ പറയാനാകും എന്നാണ് ചിന്മയി ചോദിക്കുന്നത്. ജീവ മാധ്യമപ്രവർത്തകരോടു ക്ഷുഭിതനായി പ്രതികരിച്ചതിന്റെ വാർത്ത പങ്കുവച്ചുകൊണ്ടാണ് ചിന്മയി വിമർശനമുന്നയിച്ചത്.
ഏതാനും ദിവസങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു, ജീവയോട് ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നത്. നല്ലൊരു പരിപാടിക്കുവന്നാൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള ജീവയുടെ ആദ്യ മറുപടി.
വീണ്ടും ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ തമിഴ് സിനിമയിൽ യാതൊരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും ജീവ മറുപടി നൽകി. തുടർ ചോദ്യങ്ങളെത്തിയതോടെ ജീവ പ്രകോപിതനായി. മാധ്യമപ്രവർത്തകരുമായി തർക്കിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. പിന്നീട് പ്രതികരിക്കാതെ ജീവ സ്ഥലത്തുനിന്നു പോയി. സംഭവം ചർച്ചയായതോടെയാണ് ജീവയ്ക്കെതിരെ ചിന്മയി രംഗത്തെത്തിയത്.