എമ്പുരാൻ ഇനി തിരുവനന്തപുരത്ത്; അപ്ഡേറ്റ് പങ്കുവച്ച് പൃഥ്വിരാജ്
Friday, April 19, 2024 9:42 AM IST
പൃഥ്വിരാജ് ചിത്രം എംപുരാന്റെ ചിത്രീകരണം ഇനി തിരുവനന്തപുരത്ത്. ചെന്നൈയിലെ ചിത്രീകരണം പൂർത്തിയായാതോടെയാണ് അടുത്ത ഷെഡ്യൂൾ തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. മോഹൻലാൽ ഉൾപ്പെടയുളളവർ തിരുവനന്തപുരത്തെ ചിത്രീകരണത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
യുകെ, അമേരിക്ക, ലഡാക്ക് എന്നിവടങ്ങളിലെ ഷെഡ്യൂളുകൾ ആണ് ഇതിനോടകം പൂർത്തിയായത്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ ഇരുപത് ശതമാനം പൂർത്തിയായിക്കഴിഞ്ഞു. യുഎഇയിലും ഇന്ത്യയിലുമുള്ള ഭാഗങ്ങളാണ് ഇനി അവശേഷിക്കുന്നത്.
മുരളി ഗോപിയാണു കഥയും തിരക്കഥയും. മഞ്ജു വാര്യർ, ടൊവീനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ എന്നിവരും ലൂസിഫറിലെ തുടർച്ചയായി തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
ആശിർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു ചിത്രം നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്ഷൻ. ബജറ്റോ റിലീസ് തീയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം.
എമ്പുരാനിൽ മുണ്ടുമടക്കിക്കുത്തി അടിയുണ്ടാക്കുന്ന മോഹൻലാലിനെ നിങ്ങൾ കണ്ടെന്ന് വരില്ലെന്നും ലൂസിഫറിന്റെ രണ്ടാം ഭാഗമാണോ താൻ ചെയ്യുന്നതെന്ന് ഇപ്പോൾ തനിക്ക് പോലും പറയാൻ പറ്റില്ലെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.