സുരേഷ് ഗോപിയും ജയരാജും വീണ്ടും; 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈവേയുടെ രണ്ടാം ഭാഗം വരുന്നു
Monday, June 27, 2022 3:32 PM IST
സംവിധായകന്‍ ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു. 1995-ല്‍ പുറത്തിറങ്ങിയ ഹൈവേ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായാണ് ഇരുവരും എത്തുന്നത്. സുരേഷ് ഗോപിയുടെ ജന്മദിനത്തിൽ ഫേസ്ബുക്കിലൂടെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്ററും ഇരുവരും പങ്കുവച്ചു.
ഹൈവേ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ പതിപ്പില്‍ സുരേഷ് ഗോപിക്കൊപ്പം ഭാനുപ്രിയ, പ്രേം പ്രകാശ്, ജനാർദ്ദനൻ, വിജയരാഘവൻ, ബിജു മേനോന്‍, ജോസ് പ്രകാശ്, അഗസ്റ്റിന്‍, കുഞ്ചന്‍, സുകുമാരി, സ്ഫടികം ജോര്‍ജ്, വിനീത് തുടങ്ങിയ താരനിരയായിരുന്നു അണിനിരന്നിരുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പെട്ട ചിത്രമായിരുന്നു ഹൈവേ.
സുരേഷ് ഗോപിയുടെ 254-മത് ചിത്രമാകും ഹൈവേ 2. ലീമാ തോമസാണ് ചിത്രം നിര്‍മിക്കുന്നത്. സാബ് ജോണായിരുന്നു ആദ്യഭാഗത്തിന് തിരക്കഥയൊരുക്കിയത്. ഹേയ്ഡേ ഫിലിംസിന്‍റെ ബാനറില്‍ പ്രേംപ്രകാശാണ് ചിത്രം നിര്‍മിച്ചത്. ഒരു റോ ഉദ്യോഗസ്ഥന്‍റെ വേഷമാണ് സുരേഷ് ഗോപി ആദ്യഭാഗത്തില്‍ അവതരിപ്പിച്ചത്.
പുതിയ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.