ആർസിബി ജയിച്ചാൽ ‘ഹണി റോസിന്റെ ബിക്കിനി ചിത്രം'; ട്വീറ്റിന് പിന്നിലെ യാഥാർഥ്യം?
Thursday, May 23, 2024 3:38 PM IST
ആർസിബി–രാജസ്ഥാൻ ഐപിഎൽ മത്സരത്തിനിടെ എക്സ് പ്ലാറ്റ്ഫോമിൽ ചൂടൻ ചർച്ചകൾക്ക് വഴിവച്ച പേരാണ് നടി ഹണി റോസിന്റേത്. മത്സരത്തിൽ ആർസിബി ജയിച്ചാൽ തന്റെ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഹണി റോസിന്റെ പേരിൽ വന്ന എക്സ് ഐഡിയിലെ ട്വീറ്റ്.
വെരിഫൈഡ് അക്കൗണ്ടിൽ നിന്നും വന്ന ട്വീറ്റ് ആയതിനാൽ ഇത് നിമിഷ നേരം കൊണ്ട് വൈറലായി. എന്നാൽ പലരും ചിന്തിച്ചത് ഇത് യഥാർഥ ഹണി റോസിന്റെ അക്കൗണ്ടിൽ നിന്നും വന്ന ട്വീറ്റ് ആണെന്നാണ്. എന്നാൽ താരത്തിന്റെ പേരിലുള്ള ഫാന്‍സ് അക്കൗണ്ടിൽ നിന്നുമാണ് ഇത്തരമൊരു ട്വീറ്റ് വന്നത്.
ഒടുവിൽ സംഗതി കാര്യമായി മാറിയതോടെ ഫാൻസ് അക്കൗണ്ടിൽ നിന്നും ഈ ട്വീറ്റ് നീക്കം ചെയ്തു. ഹണി റോസിന്റെ യഥാർഥ ഐഡിയിൽ നിന്നുമാണ് ട്വീറ്റ് വന്നതെന്നാണ് ആരാധകരടക്കം കരുതിയത്.
മാത്രമല്ല, ഇക്കാര്യത്തിൽ നടി വിശദീകരണം നൽകാതിരുന്നതും വാർത്ത തെറ്റായ രീതിയിൽ പടരാൻ കാരണമായി. ഹണി റോസിന് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മാത്രമാണ് ഔദ്യോഗികമായി അക്കൗണ്ടുള്ളത്.