സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം; സ്വർണവും വജ്രവുമുൾപ്പെടെ ഒരു കോടി രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു
Saturday, April 20, 2024 1:29 PM IST
സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഒരു കോടിയോളം വരുന്ന വജ്രാഭരണങ്ങളും സ്വർണവും മോഷണംപോയെന്നാണ് വിവരം. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് മോഷണം നടന്നത്. അടുക്കള ഭാഗത്തെ ജനൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്. ഇരു നില വീടിന്റെ മുകളിലത്തെ നിലയിലുള്ള രണ്ട് മുറികളിലായാണ് മോഷ്ടാവ് കയറിയത്.
റൂമിന്റെ സേഫ് ലോക്കർ കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസും, ലക്ഷങ്ങൾ വിലമതിക്കുന്ന ഡയമണ്ടിന്റെ പത്ത് വീതം വരുന്ന കമ്മലുകളും, മോതിരങ്ങളും, സ്വർണ മാലകളും വളകളും, രണ്ട് വങ്കികളും, വില കൂടിയ പത്ത് വാച്ചുകളുമുൾപ്പെടെയാണ് മോഷണം പോയത്.
ജോഷി, ഭാര്യ സിന്ധു, മരുമകൾ വർഷ , മൂന്ന് കുട്ടികൾ, വീട്ടുജോലിക്കാരി കോന്തുരുത്തി സ്വദേശി ക്ലിൻസി എന്നിവരായിരുന്നു മോഷണം നടക്കുന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. പുലർച്ചെ 5.30ന് ഭാര്യ സിന്ധു അടുക്കളയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടൻതന്നെ ഇവർ വീട്ടിലുള്ള മറ്റുള്ളവരെ വിളിച്ചുണർത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും തുടരുകയാണ്.