ഉലകനായകൻ വിളിച്ചു; സ്വപ്നം യാഥാർഥ്യമായ സന്തോഷത്തിൽ റിയൽ മഞ്ഞുമ്മൽ ബോയ്സ്
Wednesday, May 22, 2024 11:10 AM IST
ഉലകനായകൻ കമൽഹാസനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് യഥാര്‍ഥ മഞ്ഞുമ്മൽ ബോയ്സ് ടീം. താരത്തെ കാണണമെന്ന അതിയായ ആഗ്രഹം ഒടുവിൽ സാക്ഷാത്കരിക്കപ്പെട്ടുവെന്നാണ് ചിത്രത്തിൽ സൗബിൻ ഷാഹിര്‍ അവതരിപ്പിച്ച കുട്ടേട്ടൻ എന്ന കഥാപാത്രത്തിനു പ്രചോദനമായ സിജു ഡേവിഡ് ചിത്രം പങ്കുവച്ച് കുറിച്ചത്.
ചെന്നൈയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സിനിമ ഹിറ്റായതോടെ മഞ്ഞുമ്മൽ ബോയ്സ് താരങ്ങൾക്കൊപ്പം, യഥാർഥ മഞ്ഞുമ്മൽ ബോയ്സിനും ആരാധകർ ഏറിയിരുന്നു.
ഇതിനിടെയാണ് കമൽഹാസനും യഥാർഥ മഞ്ഞുമ്മൽ ബോയ്സിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത്. നേരത്തെ മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ച താരങ്ങളെയും സംവിധായകനെയും കമൽഹാസൻ നേരിൽ കണ്ടിരുന്നു.
കമൽഹാസനു വേണ്ടി സിനിമയുടെ പ്രത്യേക പ്രിമിയർ ഷോയുംസംഘടിപ്പിച്ചിരുന്നു. ‘ഗുണ’ സംവിധായകൻ സന്താനഭാരതിയും പ്രിമിയർ കാണാൻ എത്തിയിരുന്നു.
ഈ വർഷത്തെ ബ്ലോക് ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിൽ കമല്‍ഹാസന്റെ ‘ഗുണ’ സിനിമയിലെ ‘കൺമണി’ എന്ന ഗാനം ഉപയോഗിച്ചിട്ടുണ്ട്.