"കണ്മണി അന്‍പോട്’ അനുമതിയില്ലാതെ ഉപയോഗിച്ചു; മഞ്ഞുമ്മല്‍ നിർമാതാക്കൾക്ക് വക്കീൽ നോട്ടിസ് അയച്ച് ഇളയരാജ
Thursday, May 23, 2024 10:00 AM IST
മലയാളത്തിന്റെ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മാതാക്കൾക്കു വക്കിൽ നോട്ടീസ് അയച്ച് പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജ.
മഞ്ഞുമ്മലിൽ ഉപയോഗിച്ച ‘കണ്മണി അന്‍പോട് കാതലന്‍’ എന്ന ഗാനം തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ആ ഗാനം ഉപയോഗിച്ചതെന്നും ഇളയരാജ പറയുന്നു.
‘മഞ്ഞുമ്മല്‍ ബോയ്സ്’ പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടിസില്‍ പറയുന്നു.
സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസ് ആണ് മഞ്ഞുമ്മല്‍ ബോയ്സ് നിർമിച്ചത്.
1991–ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന് ടൈറ്റില്‍ റോളിലെത്തിയ ഗുണ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് കണ്മണി അന്‍പോട് കാതലന്‍.
ഈ ഗാനം ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിന്റെ പല പ്രധാന രംഗങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. പകർപ്പവകാശത്തെ സംബന്ധിച്ചുള്ള മറ്റൊരു കേസിൽ ഇളയരാജയ്ക്ക് കഴിഞ്ഞ ദിവസമാണ് തമിഴ്നാട് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടത്.
ഒരു പാട്ട് അത് ആലപിച്ച വ്യക്തിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അതിന്മേൽ അധികാരമുണ്ടെന്നുമായിരുന്നു കോടതി വിധി.