ഇരട്ട സഹോദരനൊപ്പം തുടങ്ങിയ സംഗീതയാത്ര; മലയാളത്തിന് തിലകക്കുറി ചാർത്തിയ സംഗീതഞ്ജൻ
Tuesday, April 16, 2024 9:09 AM IST
സംഗീതത്തിന്റെ ആത്മാവ് നെഞ്ചിലേറ്റിയാണ് കെ.ജി. ജയനും ഇരട്ട സഹോദരൻ കെ.ജി. വിജയനും തങ്ങളുടെ സംഗീതയാത്ര തുടങ്ങുന്നത്. ഇരുവരും ചേർന്ന് ശാസ്ത്രീയ സംഗീതത്തിനും ഭക്തി ഗാനത്തിലും സിനിമപാട്ടിനും ഈണമൊരുക്കി. അവയോരൊന്നും ജനഹൃദയങ്ങളിൽ പതിഞ്ഞു.
നെഞ്ചിലേറ്റിയ ഗാനങ്ങളുമായ ജയവിജയ സഹോദരങ്ങൾ ജൈത്രയാത്ര തുടങ്ങിയപ്പോൾ പാതിയിൽ വച്ച് ഒരു കണ്ണി വേർപ്പെട്ടു. സംഗീതകച്ചേരിക്കു ജയനൊപ്പം തൃശിനാപ്പള്ളിയിലേക്ക് ട്രെയിനിൽ പോകവേ 1988 ജനുവരി ഒൻപതിനായിരുന്നു ഇരട്ട സഹോദരൻ കെ.ജി.വിജയന്റെ ആകസ്മിക മരണം.
പിന്നീട് തനിച്ചായി പോയെങ്കിലും തന്റെ സംഗീതയാത്ര ജയൻ തുടർന്നു. ഭക്തിഗാന മേഖലയ്ക്ക് ജയൻ നൽകിയ സംഭാവനങ്ങൾ വലുതാണ്.
ധർമശാസ്താ, നിറകുടം, സ്നേഹം , തെരുവുഗീതം തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങൾക്കും ഈണം പകർന്നിട്ടുണ്ട് ജയവിജയ.
ശബരിമലനട തുറക്കുമ്പോൾ ഇപ്പോഴും കേൾപ്പിക്കുന്നത് ജയവിജയ സഹോദരങ്ങൾ ഈണമിട്ട ‘ശ്രീകോവിൽ നട തുറന്നു... എന്ന ഗാനമാണ്. ഇതുകൂടാതെ യേശുദാസിനെയും ജയചന്ദ്രനെയും കൊണ്ട് ആദ്യമായി അയ്യപ്പഗാനം പാടിച്ചതും ജയവിജയന്മാരാണ്.
ജയനും വിജയനും ചേർന്നെഴുതി ഈണം പകർന്ന ‘ശ്രീശബരീശാ ദീനദയാലാ...’ എന്ന ഗാനം ജയചന്ദ്രനും ദർശനം പുണ്യദർശനം...എന്ന പാട്ട് യേശുദാസുമാണ് പാടിയത്.
1991ൽ കേരള സംഗീത നാടക അക്കാദമി അവാർഡ്, 2013ൽ കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും നൽകുന്ന ഹരിവരാസനം അവാർഡ്, 2019ൽ പത്മശ്രീ തുടങ്ങി വലുതും ചെറുതുമായി ഒട്ടേറെ അവാർഡ് ജയനെ തേടിയെത്തിയിട്ടുണ്ട്.
ശ്രീനാരായണ ഗുരുവിന്റെ പ്രമുഖ ശിഷ്യരിൽ ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തിൽ ഗോപാലൻ തന്ത്രിയുടെയും നാരായണി അമ്മയുടെയും മൂന്നാമത്തെയും നാലാമത്തെയും ഇരട്ട മക്കൾ ജയനും വിജയനും ആദ്യം മികവു തെളിയിച്ചതു കർണാടക സംഗീതത്തിലാണ്.
ആറാം വയസിൽ സംഗീത പഠനം തുടങ്ങിയ ജയൻ 10 –ാം വയസിൽ കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. ജയവിജയന്മാരുടെ കഴിവു തിരിച്ചറിഞ്ഞ മന്നത്ത് പത്മനാഭനാണ് ഇവരെ സംഗീതം കൂടുതലായി പഠിപ്പിക്കണമെന്നു വീട്ടുകാരെ ഉപദേശിച്ചത്.
തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽനിന്നു ഗാനഭൂഷണം ഡിപ്ലോമ കോഴ്സ് ഒന്നാം ക്ലാസോടെ വിജയിച്ചു. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്റെ സ്കോളർഷിപ്പോടെയായിരുന്നു ഉപരിപഠനം.
കാരാപ്പുഴ ഗവ. എൽപി സ്കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് സംഗീതവഴിയിലേക്ക് ജയൻ ചുവടുവച്ചത്.
ഭാര്യ: പരേതയായ വി.കെ.സരോജിനി. (മുൻ സ്കൂൾ അധ്യാപിക). മക്കൾ: ബിജു കെ.ജയൻ, നടൻ മനോജ് കെ. ജയൻ. മരുമക്കൾ: പ്രിയ ബിജു, ആശ മനോജ്.