പ്രശാന്തിന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് ലെന; വിവാഹചിത്രങ്ങൾ
Wednesday, February 28, 2024 1:52 PM IST
നടി ലെനയുടെ വിവാഹവാർത്തയായിരുന്നു ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളിലെ പ്രധാനചർച്ച. ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയുടെ ഭർത്താവ്.
തനിക്കിപ്പോൾ നല്ല കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സംഭവിച്ചത് സ്വകാര്യജീവിതത്തിലാണെന്നും തനിനിറം എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലെന പറഞ്ഞു.
ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷമാണ് ലെന തന്റെ വിവാഹം പരസ്യമാക്കിയത്.

എനിക്കിപ്പോൾ നല്ല സമയമാണെന്ന് തോന്നുന്നു. നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. സ്വകാര്യജീവിതത്തിലാണ് ഒരു നല്ല കാര്യം നടന്നത്.
കഴിഞ്ഞ ജനുവരി 17ന് ഞാൻ വിവാഹിതയായി. എന്റെ ഭർത്താവ് ഫോഴ്സിലാണ്. ഭാരതത്തിന് വേണ്ടി സ്വന്തം ജീവിതം പണയം വെയ്ക്കുന്നയാളെ വിവാഹം കഴിക്കാൻ സാധിച്ചത് ഒരുപാട് സന്തോഷമുള്ള കാര്യമാണ്.
തീർത്തും അറേഞ്ചഡ് ആയ കല്യാണമായിരുന്നു ഞങ്ങളുടേത്. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം തന്നെയായിരുന്നു. എനിക്കിത് ഇതുവരെ നാട്ടുകാരെ അറിയിക്കാൻ പറ്റാതെയിരുന്നത് അദ്ദേഹം വളരെ കോൺഫിഡൻഷ്യലായി വെയ്ക്കേണ്ട പരിപാടിയുടെ ആളായതിനാലാണ്.
ഇപ്പോൾ പ്രധാനമന്ത്രി ഇത് പ്രഖ്യാപിച്ചു കഴിഞ്ഞതിനാൽ എനിക്ക് ഇത് പങ്കുവയ്ക്കാം. ഒരു അഭിമുഖത്തിൽ ലെന പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ഗഗൻയാൻ യാത്രികരെ പ്രധാനമന്ത്രി ലോകത്തിന് പരിചയപ്പെടുത്തിയത്. നാലംഗ സംഘമാണ് യാത്രയ്ക്ക് തയാറെടുക്കുന്നത്. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്താണ് സംഘത്തിലെ ഏക മലയാളി.
വിഎസ്എസ്സിയിൽ നഠന്ന ചടങ്ങിൽ പ്രശാന്തിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ലെനയും പങ്കെടുത്തിരുന്നു. നാഷണൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനത്തിന് ശേഷം 1999 ജൂണിലാണ് പ്രശാന്ത് വ്യോമസേനയിൽ ചേർന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ്.
1998-ൽ പുറത്തിറങ്ങിയ ജയരാജ് സംവിധാനം ചെയ്ത "സ്നേഹം' എന്ന ചിത്രത്തിലൂടെയാണ് ലെന സിനിമാ ലോകത്ത് എത്തുന്നത്. ഇതുവരെ നൂറിലധികം ചിത്രങ്ങളിൽ തിളങ്ങിയ താരം നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
2004 ജനുവരി 16-ന് മലയാള സിനിമയിലെ സ്ക്രീൻ റൈറ്റർ അഭിലാഷ് കുമാറിനെ ലെന വിവാഹം ചെയ്തിരുന്നു. പിന്നീട് ഉഭയകക്ഷി സമ്മതപ്രകാരം ഇരുവരും ബന്ധം വേർപെടുത്തുകയായിരുന്നു.