ഇത് അഭിമാനനിമിഷം; അഞ്ചു മാസം കൊണ്ട് 1000 കോടിയിലെത്തി മലയാള സിനിമ
Tuesday, May 21, 2024 12:25 PM IST
ചരിത്രത്തിലാദ്യാമായി 1000 കോടി നേടി മലയാളം സിനിമ. പുതു വർഷം തുടങ്ങി പകുതി പോലും ആകുന്നതിന് മുൻപാണ് ഈ സ്വപ്നനേട്ടത്തിലേക്ക് മലയാളം വളരെ വേഗത്തിൽ പടികയറിയെത്തിയത്.
വെറും അഞ്ചു മാസം കൊണ്ട് ആയിരം കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയിരിക്കുകയാണ് മലയാള സിനിമ വ്യവസായം.
ഇന്ത്യൻ സിനിമയിൽ ഈ വർഷം ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം മലയാളത്തിൽ നിന്നാണ്.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത 2018, രോമാഞ്ചം, കണ്ണൂർസ്ക്വാഡ്, ആർഡിഎക്സ്, നേര് തുടങ്ങിയ വിജയ ചിത്രങ്ങളിലൂടെ 500 കോടിയോളമായിരുന്നു മലയാളസിനിമയുടെ ഗ്രോസ് കളക്ഷൻ.
മെയ് 16ന് റിലീസ് ചെയ്ത 'ഗുരുവായൂരമ്പല നടയിൽ' അഞ്ച് ദിവസം കൊണ്ട് 50.2 കോടി രൂപയാണ് കളക്ഷൻ നേടിയത്. ഇതോടെയാണ് മലയാളത്തിൽ നിന്നും 1000 കോടി തികഞ്ഞത്.
മഞ്ഞുമ്മൽ ബോയ്സാണ് 200 കോടിയുമായി ഒന്നാം സ്ഥാനം നേടിയ ചിത്രം. തൊട്ടുപിന്നാലെ ആടുജീവിതം, ആവേശം, പ്രമേലു, ഭ്രമയുഗം, മലൈക്കോട്ടൈ വാലിബൻ തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ നേട്ടം കൊയ്യാൻ കൂടെ നിന്നു.