"മൗനം എല്ലായ്പ്പോഴും ഒരു നല്ല അടവല്ല; ജീവനെങ്കിലും അപകടമുണ്ടാവാതിരിക്കട്ടെ'
Sunday, May 1, 2022 8:44 PM IST
നടി മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്ന് ആവർത്തിച്ചു സംവിധായകൻ സനൽകമാർ ശശിധരൻ. മഞ്ജു നായികയായ കയറ്റം എന്ന ചിത്രത്തിന്റെ സംവിധായകന് കൂടിയാണ് സനല്‍കുമാര്‍ ശശിധരന്. മഞ്ജു വാര്യർ തടവറയിലാണെന്നും താരത്തിന്റെ ജീവൻ അപകടത്തിലാണെന്ന് സംശയിക്കുന്നതായും സനൽകമാർ നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ട മഞ്ജു, എന്നെക്കൊണ്ട് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് തോന്നുന്നു. മൗനം എല്ലായ്പ്പോഴും ഒരു നല്ല അടവല്ല. നിങ്ങളുടെ പിഴച്ചുപോയ എല്ലാ അടവുകളേക്കാളും ഇപ്പോൾ നിങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് നിങ്ങളുടെ മൗനമാണ്. ഇനി നിങ്ങൾ പുറം ലോകം കണ്ടാൽ മൗനം ഭഞ്ജിക്കുക.
നിങ്ങൾക്ക് വേണ്ടിയും നിങ്ങളെപ്പോലുള്ള നിരവധി ആളുകൾക്ക് വേണ്ടിയും. ജീവിതത്തെ അഭിനയം കൊണ്ട് അതിജീവിക്കാമെന്ന നിങ്ങളുടെ കണക്കുകൂട്ടലുകൾ പിഴയ്ക്കുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. ഇപ്പോഴത് സത്യമായെന്നും തോന്നുന്നു.
എനിക്കിതിലപ്പുറം ഒന്നും ചെയ്യാൻ കഴിയില്ലല്ലോ എന്ന വേദന ബാക്കിയുണ്ടെങ്കിലും ജീവിതം എന്ന നാടകം ഇങ്ങനെയൊക്കെ ആണല്ലോ എന്ന ഒരു ചെറുപുഞ്ചിരി അതിനു മൂടിയാവുന്നു. ജീവനെങ്കിലും അപകടമുണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.