ലാഭമോ മുടക്കുമുതലോ നൽകിയില്ല: മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു
Saturday, April 13, 2024 11:47 AM IST
മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കളുടെ ബാങ്ക് അക്കൗണ്ടുകള് മരവിപ്പിച്ചു. എറണാകുളം സബ് കോടതിയുടേതാണ് നടപടി. നിർമാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും ബാങ്ക് അക്കൗണ്ട് ആണ് മരവിപ്പിച്ചിരിക്കുന്നത്.
അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി ഏഴു കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.
ഹർജിയിൽ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
മലയാള സിനിമാ ചരിത്രത്തിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമാണു മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22നാണു തിയറ്ററുകളിലെത്തിയത്.
പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്കു മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണു നിർമിച്ചത്.